വിഴിഞ്ഞം സമരം പിൻവലിച്ചു; മുഖ്യമന്ത്രിയുമായുള്ള ചർച്ച വിജയം

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞം സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പായത്. മന്ത്രിസഭാ ഉപസമിതി സമരക്കാരുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്. നേരത്തെ ചീഫ് സെക്രട്ടറി വി.പി.ജോയ് സമരസമിതിയുമായി ചർച്ച നടത്തിയിരുന്നു.

സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നുണ്ടോയെന്ന് അറിയാൻ വിദഗ്ധ സമിതി രൂപീകരിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാവും വിദഗ്ധസമിതി രുപീകരിക്കുക. വീട്ടുവാടകയിനത്തിൽ 5500 രൂപ പൂർണമായും സർക്കാർ നൽകും. 2500 രൂപ സി.എസ്.ആർ ഫണ്ടിൽ നിന്നും നൽകാമെന്ന അദാനിയുടെ വാഗ്ദാനം നിരസിച്ചുവെന്ന് സമരസമിതി അറിയിച്ചു. തീരശോഷണവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന സംഘവുമായി സമിതി ചർച്ച നടത്തും.