കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക അപൂർണമെന്ന് പരാതി

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ വോട്ടർപട്ടിക അപൂർണ്ണമാണെന്ന് പരാതി. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് പരാതി നൽകി. 9,000 ലധികം ആളുകളുടെ വോട്ടർപട്ടികയിൽ മൂവായിരത്തിലധികം പേരുടെ വിലാസമോ ഫോൺ നമ്പറുകളോ ലഭ്യമല്ലെന്നാണ് പരാതി. തിരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്താനുള്ള നീക്കമാണിതെന്നാണ് തരൂർ ക്യാമ്പ് ആരോപിക്കുന്നത്.

അതേസമയം, ശശി തരൂർ പ്രസിഡന്‍റാകണമെന്ന ആഗ്രഹം താഴേത്തട്ടിലുള്ള കോൺഗ്രസ് പ്രവർത്തകർ പരസ്യമായി പ്രകടിപ്പിക്കുന്നുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജന്മനാടായ കോട്ടയത്തെ പുതുപ്പള്ളിയിൽ ശശി തരൂരിന് അനുകൂലമായി പ്രമേയം പാസാക്കി. കോൺഗ്രസിന്‍റെ വളർച്ചയ്ക്ക് തരൂർ അധ്യക്ഷനാകണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്.

തരൂരിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ കോൺഗ്രസ് സംസ്ഥാന നേതൃത്വം പരസ്യമായ നിലപാട് സ്വീകരിക്കുമ്പോൾ താഴെത്തട്ടിലുള്ള പ്രവർത്തിക്കുന്നവരിൽ നിന്നും അനുഭാവികളിൽ നിന്നും അദ്ദേഹത്തിന് ലഭിക്കുന്ന പിന്തുണ നേതൃത്വത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. തരൂർ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും താഴേത്തട്ടിൽ നിന്ന് ഇപ്പോൾ ലഭിക്കുന്ന പിന്തുണ സംഘടനയിൽ ആഭ്യന്തര പ്രശ്നങ്ങൾക്ക് കാരണമായേക്കാം.