കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടർപട്ടിക; ശശി തരൂരിൻ്റെ ആവശ്യം അംഗീകരിച്ചു

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടർപട്ടിക വേണമെന്ന ശശി തരൂർ എം.പിയുടെ നിരന്തര ആവശ്യം ഒടുവിൽ ഫലം കണ്ടു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി ഈ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവർക്കും വോട്ടർപട്ടിക ലഭ്യമാക്കുമെന്ന് തരൂരിനെ അറിയിച്ചു. തിരഞ്ഞെടുപ്പിൽ സുതാര്യത ആവശ്യപ്പെട്ട് അഞ്ച് എംപിമാർ കത്തെഴുതിയതിനെ തുടർന്നാണ് നടപടി.

ശശി തരൂർ, മനീഷ് തിവാരി, കാർത്തി ചിദംബരം, പ്രദ്യുത് ബോര്‍ദോലോയ്, അബ്ദുൾ ഖലീഖ് എന്നിവർ സെപ്റ്റംബർ ആറിന് മിസ്ത്രിക്ക് കത്തയച്ചിരുന്നു. പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് എത്രത്തോളം സുതാര്യമായാണ് നടത്തുക എന്ന് അവർക്കുള്ള മറുപടിയിൽ മിസ്ത്രി വിശദീകരിച്ചു. കത്തിൽ മൂന്നു കാര്യങ്ങൾ പറയുന്നു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആഗ്രഹിക്കുന്ന ആർക്കും നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.

നാമനിർദ്ദേശങ്ങൾ സ്വീകരിക്കാൻ പ്രത്യേക സംവിധാനമുണ്ട്. 10 പേരുടെ പിന്തുണ ഇതിന് വേണം. അതത് സംസ്ഥാനങ്ങളിൽ നിന്ന് തങ്ങളെ പിന്തുണയ്ക്കുന്നവരെ കണ്ടെത്താൻ വോട്ടർ പട്ടിക പിസിസി ഓഫീസുകളിൽ പരിശോധിക്കാം. ചരിത്രത്തിലാദ്യമായി ക്യൂആർ കോഡുള്ള വോട്ടർ ഐഡി കാർഡ് പുറത്തിറക്കും. ഈ കാർഡ് ഉള്ളവർക്ക് മാത്രമേ മത്സരിക്കാനും സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാനും കഴിയൂ.