നെഹ്‌റു ട്രോഫി വള്ളംകളിക്ക് അമിത് ഷായെ ക്ഷണിച്ചതിനെ ട്രോളി വി.ടി. ബല്‍റാം

തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ചതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. അമിത് ഷായെ വള്ളംകളിക്ക് ക്ഷണിച്ച വാര്‍ത്തയും, ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി സെപ്റ്റംബര്‍ 13ന് പരിഗണിക്കുമെന്ന വാര്‍ത്തയും പങ്കുവെച്ചായിരുന്നു പ്രതികരണം.’സ്വാഭാവികം’ എന്ന തലക്കെട്ടോടെയാണ് ബൽറാം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

സെപ്റ്റംബർ നാലിന് നടക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കണമെന്നും ഓണാഘോഷത്തിൽ പങ്കെടുക്കണമെന്നും ഓഗസ്റ്റ് 23ന് മുഖ്യമന്ത്രിയുടെ ഓഫീസ് അമിത് ഷായ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 4 വരെ കോവളത്ത് നടക്കുന്ന ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ അമിത് ഷാ കേരളത്തിലെത്തുന്നുണ്ട്. ഇതിനെത്തുമ്പോള്‍ വള്ളം കളിയില്‍ പങ്കെടുക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അമിത് ഷാ എത്തുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാകുമെന്നാണ് സൂചന.