വഖഫ് നിയമനം ; നിയമഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിട്ടു

തിരുവനന്തപുരം: വഖഫ് ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പുവെച്ചു. ഇതോടെ വഖഫ് ബോർഡിലെ നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം പിൻവലിക്കാനുള്ള ഭേദഗതിക്ക് അംഗീകാരം ലഭിച്ചു. ഈ മാസം 12ന് തന്നെ ബിൽ രാജ്ഭവനിൽ എത്തിയിരുന്നു. ഗവർണർ ഒപ്പിട്ടതോടെ നിയമം പ്രാബല്യത്തിൽ വന്നു.

വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്ന ബിൽ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് നിയമസഭ പാസാക്കിയത്. ഇത് വിവാദമായതോടെ ബിൽ പിൻവലിക്കാൻ റിപ്പീലിങ് ബിൽ സഭയിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു. റദ്ദാക്കൽ ബില്ലിന്‍റെ കരട് മന്ത്രിസഭ അംഗീകരിച്ചു.

നിയമനം പി.എസ്.സിക്ക് വിടാനുള്ള നിയമം പ്രാബല്യത്തിൽ വന്നെങ്കിലും മുസ്ലിം സംഘടനകളുടെ കടുത്ത എതിർപ്പിനെ തുടർന്ന് അത് നടപ്പായില്ല. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം തൽക്കാലം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം റദ്ദാക്കിയത്.