ഗുസ്തി താരങ്ങളും ഡല്‍ഹി പൊലീസും തമ്മില്‍ ഉന്തും തള്ളും; പൊലീസ് മര്‍ദ്ദിച്ചതായി ആരോപണം

ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളും ഡല്‍ഹി പൊലീസും തമ്മില്‍ ചെറിയ സംഘര്‍ഷം. ഗുസ്തി താരങ്ങളും പൊലീസും ഉന്തും തള്ളുമുണ്ടായി. സമരക്കാരെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ചുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തിനിടെ പൊലീസ് മര്‍ദ്ദിച്ചതായി ഗുസ്തി താരങ്ങള്‍ പരാതി ഉന്നയിച്ചു. മദ്യപിച്ച പൊലീസുകാരാണ് മര്‍ദ്ദിച്ചതെന്നാണ് ആരോപണം.

അതേസമയം രാത്രികാലങ്ങളില്‍ സമരപ്പന്തലിലെ വൈദ്യുതി പൊലീസ് വിച്ഛേദിക്കുന്നതടക്കമുള്ള ആരോപണങ്ങള്‍ നേരത്തെയും സമരക്കാര്‍ ഉന്നയിച്ചിരുന്നു.സമരം ആരംഭിച്ച ഘട്ടം മുതല്‍ തന്നെ ഡല്‍ഹിപൊലീസിന്റെ ഭാഗത്തുനിന്നും ചില ഇടപെടലുകള്‍ ഉണ്ടായി എന്നുള്ള ആരോപണവും ഗുസ്തി താരങ്ങള്‍ക്കുണ്ട്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് നിലവിലെ സംഘര്‍ഷം.

എന്നാല്‍ ലൈംഗീക പീഡന പരാതിയില്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ സമരം പതിനൊന്നാം ദിവസത്തിലാണ് ഉള്ളത്. ഇതിനിടെയാണ് ഡല്‍ഹി പൊലീസുമായുള്ള ഏറ്റുമുട്ടല്‍. നിലവില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ ഉന്നത പൊലീസുകാരടക്കം സ്ഥലത്തുണ്ട്. സ്ഥിതിഗതികള്‍ ശാന്തമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ പൊലീസ് സേനയെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അതേസമയം മദ്യപിച്ച പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യമാണ് താരങ്ങള്‍ ഉന്നയിക്കുന്നത്.