വിദ്യാര്‍ഥിയെ വാച്ച്‌മാൻ മുളവടി കൊണ്ടടിച്ചു; നടപടിയെടുത്ത് മന്ത്രി

തിരുവനന്തപുരം: തൃശൂർ അതിരപ്പിള്ളി വെറ്റിലപ്പാറ പ്രീമെട്രിക് ഹോസ്റ്റലിൽ വിദ്യാർത്ഥിയെ മർദ്ദിച്ച വാച്ച്മാനെ സസ്പെൻഡ് ചെയ്തു. മന്ത്രി കെ രാധാകൃഷ്ണന്‍റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഹോസ്റ്റലിലെ ജീവനക്കാരനായ മധുവിനെതിരെയാണ് നടപടി. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മുളവടികൊണ്ട് കുട്ടിയുടെ മുതുകിൽ തല്ലുകയായിരുന്നു. ഡസ്ക്കിലടിച്ച് താളമിട്ടതിനാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. അതിരപ്പിള്ളി അടിച്ചില്‍തൊട്ടി ഊരിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. കുട്ടി ചികിത്സയിലാണ്. പട്ടികവർഗ ഡയറക്ടറോട് മന്ത്രി റിപ്പോർട്ട് തേടുകയും ചെയ്തു. കാവൽക്കാരനെതിരേ പൊലീസ് കേസെടുത്തു. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ മനോജ് കുമാറും റിപ്പോർട്ട് തേടിയിട്ടുണ്ട്.