പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറുന്നു

ആലുവ: പെരിയാറിലെ ജലനിരപ്പ് ഉയർന്നതോടെ ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി. കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ പെരിയാറിലെ ജലനിരപ്പ് 1.5 മീറ്റർ ഉയർന്നു. ആലുവ ക്ഷേത്രം വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് അതിരാവിലെയുള്ള ചടങ്ങുകൾ തടസ്സപ്പെട്ടു.

ഒഴുക്ക് കാരണം, വെള്ളത്തിലെ ചെളിയുടെ അളവും 70 എൻടിയു ആയി ഉയർന്നു. ആലുവ ജലശുദ്ധീകരണ പ്ലാന്‍റിലെ ജലനിരപ്പ് സമുദ്രനിരപ്പിൽ നിന്ന് 2.3 മീറ്റർ ഉയരത്തിലാണ് രേഖപ്പെടുത്തിയത്. ഇന്നലെ 80 സെന്‍റിമീറ്റർ മാത്രമായിരുന്നു ജലനിരപ്പ്.

കാലാവസ്ഥാ പ്രവചനവും നീരൊഴുക്കും കണക്കിലെടുത്ത് ചട്ടം അനുസരിച്ച് ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി ഇടമലയാർ ഡാമിന്‍റെ രണ്ട് ഷട്ടറുകൾ ഇന്നലെ 25 സെന്‍റീമീറ്റർ കൂടി ഉയർത്തിയിരുന്നു. ഇതിലൂടെ 131.69 ക്യുമെക്സ് വെള്ളം തുറന്നുവിട്ടു. ഇതും മഴയുമാണ് പെരിയാറിലെ ജലനിരപ്പ് ഉയരാൻ കാരണം. പെരിയാറിന്‍റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.