കടുവാ ഭീതി ഒഴിയാതെ വയനാട്; കൂട് സ്ഥാപിച്ച് വനംവകുപ്പ്

വയനാട്: ചീരാലിൽ ഭീതി പടർത്തിയ കടുവയെ പിടികൂടിയതിന് പിന്നാലെ വയനാട്ടിൽ വീണ്ടും കടുവയിറങ്ങി. മീനങ്ങാടി, അമ്പലവയൽ പഞ്ചായത്ത് പരിധികളിലെ ജനവാസ മേഖലകളിൽ പ്രവേശിച്ച് കടുവ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതായി മാസങ്ങളായി പരാതിയുണ്ട്. 

വനംവകുപ്പ് കൂട് വെച്ച് കാത്തിരിക്കുന്നുണ്ടെങ്കിലും കടുവ പിടിതരാതെ വിലസുകയാണ്. കഴിഞ്ഞ ദിവസം ബൈക്ക് യാത്രികർക്ക് മുന്നിൽ ചാടിയ കടുവയെ ഏത് വിധേനയും പിടികൂടാനാണ് വനംവകുപ്പിന്‍റെ തീരുമാനം. വിവിധ പ്രദേശങ്ങളിലായി നാല് കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. 100 പേരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം വ്യാപകമായി തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച റാട്ടക്കുണ്ടിലാണ് വനംവകുപ്പ് നാലാമത്തെ കൂട് സ്ഥാപിച്ചത്.

കൃഷ്ണഗിരി, മേപ്പേരിക്കുന്ന്, റാട്ടക്കുണ്ട് പ്രദേശങ്ങളിലെ ജനങ്ങൾ മൂന്നാഴ്ചയിലേറെയായി കടുവയെ പേടിച്ച് കഴിയുകയാണ്. കടുവ ഇതുവരെ അഞ്ച് ആടുകളെ കൊന്നു. ഒരെണ്ണത്തിന് പരിക്കേൽക്കുകയും ചെയ്തു. കടുവ രാത്രിയിൽ സമീപ പ്രദേശങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് 100 അംഗ വനപാലകരുടെ സംഘം തിരച്ചിൽ ആരംഭിച്ചത്.
എന്നാൽ തിരച്ചിലിനൊടുവിലും കടുവയെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് റാട്ടകുണ്ടിൽ നാലാമത്തെ കൂട് സ്ഥാപിച്ചത്.