മയക്കുമരുന്നിന് അടിമകളായവര്‍ സിനിമയില്‍ വേണ്ടെന്ന് നിര്‍മാതാക്കളുടെ സംഘടന
കൊച്ചി: ലഹരിക്ക് അടിമകളായ സിനിമാപ്രവര്‍ത്തകരെ സിനിമയിൽ വേണ്ടെന്ന് നിര്‍മാതാക്കളുടെ സംഘടന. സർക്കാർ സംവിധാനങ്ങൾ നടത്തുന്ന ഏത് അന്വേഷണത്തിലും സഹകരിക്കുമെന്നും അവർ പറഞ്ഞു. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
“ഞങ്ങളുടെ ലൊക്കേഷനില്‍ പോലീസിന് പരിശോധിക്കാം. മയക്കുമരുന്നിന് അടിമകളായവരുമായി സിനിമ ചെയ്യാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. എന്തുനടപടി വേണമെങ്കിലും സ്വീകരിക്കാം. പരാതികള്‍ ഉണ്ടെങ്കില്‍ നടപടി എടുക്കണം. പത്രമാധ്യമങ്ങളില്‍ കാണുന്നു മയക്കുമരുന്നു സംഘങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സിനിമകള്‍ ഉണ്ടെന്ന്. അങ്ങനെ ഉണ്ടെങ്കില്‍ പൂര്‍ണമായും അത് അന്വേഷിക്കണം. അതിനുള്ള എല്ലാ പിന്തുണയും നിര്‍മാതാക്കള്‍ നല്‍കും. സെലിബ്രിറ്റികള്‍ അത് പ്രോത്സാഹിപ്പിക്കുന്ന അവസ്ഥ വന്നാല്‍ പുതിയ തലമുറ നശിക്കും. ഇതെല്ലാം പുറത്തുകൊണ്ടുവരണം. അത് സിനിമയ്ക്ക് ഗുണമേ ചെയ്യൂ” നിര്‍മാതാക്കളുടെ അസോസിയേഷന്‍ പറഞ്ഞു.