‘എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിച്ചിട്ടുണ്ട്, തിരഞ്ഞെടുപ്പുവരെ കാത്തിരിക്കൂ’

ന്യൂഡല്‍ഹി: പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്ത് ചെയ്യണമെന്ന് താൻ തീരുമാനിച്ചിട്ടുണ്ടെന്നും തന്‍റെ മനസ്സിൽ ആശയക്കുഴപ്പമില്ലെന്നും രാഹുൽ പറഞ്ഞു. താൻ കോണ്‍ഗ്രസ് അധ്യക്ഷനാകുമോ ഇല്ലയോ എന്ന് തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു. 2024 ലെ ദേശീയ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പ്രചാരണത്തിന്‍റെ ഭാഗമായുള്ള ഭാരത് ജോഡോ യാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

“എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് എനിക്ക് വ്യക്തമായ തീരുമാനമുണ്ട്. എന്‍റെ മനസ്സിൽ ഒരു തരത്തിലുള്ള ആശയക്കുഴപ്പവുമില്ല. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഞാൻ മത്സരരംഗത്തുണ്ടോയെന്ന് വ്യക്തമാകും. ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് എന്നോട് കാരണം ചോദിക്കാം. അപ്പോൾ ഞാൻ ഉത്തരം തരാം. തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണം… ഞാൻ പാർട്ടി അദ്ധ്യക്ഷനാകുമോ ഇല്ലയോ എന്ന് ഞാൻ അപ്പോൾ അറിയും,” ഭാരത് ജോഡോ യാത്രയുടെ രണ്ടാം ദിവസം തമിഴ്നാട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ പറഞ്ഞു.

ഭാരത് ജോഡോ യാത്രയിലൂടെ തന്നെയും രാജ്യത്തെയും മനസ്സിലാക്കാൻ കഴിയുമെന്നും രണ്ടോ മൂന്നോ മാസത്തിനുള്ളിൽ താൻ കുറച്ചുകൂടി വിവേകശാലിയാകുമെന്നും രാഹുൽ പറഞ്ഞു.