ഓഗ്മെന്റഡ് റിയാലിറ്റി ഇല്ലാത്ത ഒരു കാലത്തെ നമ്മൾ തിരിഞ്ഞുനോക്കും: ടിം കുക്ക് 

സ്മാര്‍ട്‌ഫോണുകളും ഇന്റർനെറ്റും ഇല്ലാത്ത ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുന്നതുപോലെ, ഓഗ്മെന്റഡ് റിയാലിറ്റി ഇല്ലാത്ത ഒരു കാലത്തെ നമ്മൾ തിരിഞ്ഞുനോക്കുമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക്. ഇറ്റലിയിലെ നേപ്പിൾസ് ഫെഡെറികോ സർവകലാശാലയിൽ നടന്ന ഓണററി ബിരുദദാനച്ചടങ്ങിൽ ഓഗ്മെന്റഡ് റിയാലിറ്റിയുടെ ഭാവിയെക്കുറിച്ച് വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ആപ്പ് സ്റ്റോറിൽ ഇതിനകം ഓഗ്മെന്റഡ് റിയാലിറ്റി ആപ്ലിക്കേഷനുകൾ ഉണ്ട്. അതിന്റെ സാധ്യതകൾ ഇനിയും വർദ്ധിക്കും. എല്ലാ മേഖലകളെയും ബാധിക്കുന്ന തരത്തിൽ ആഴത്തിലുള്ള ഒരു സാങ്കേതികവിദ്യയാണ് എആർ എന്ന് ഞാൻ കരുതുന്നു. എആർ ഉപയോഗിച്ച് പഠിപ്പിക്കുന്നതും കാര്യങ്ങൾ ആ രീതിയിൽ വിശദീകരിക്കുന്നതും സങ്കൽപ്പിക്കുക. ഓഗ്മെന്റഡ് റിയാലിറ്റി ഇല്ലാത്ത ഒരു കാലഘട്ടത്തിൽ നമ്മൾ എങ്ങനെ ജീവിച്ചുവെന്ന് നമ്മൾ തിരിഞ്ഞുനോക്കുകയും ചിന്തിക്കുകയും ചെയ്യുന്ന കാലം ഉടനുണ്ടാകുമെന്ന് ഞാൻ പറയുന്നു.” അദ്ദേഹം ഡച്ച് മാധ്യമമായ ബ്രൈറ്റിനോട് പറഞ്ഞു.

സമീപ വർഷങ്ങളിൽ, വിവിധ കമ്പനികൾ മെറ്റാവേഴ്‌സ് മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഓഗ്മെന്റഡ് റിയാലിറ്റി വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി പ്രഖ്യാപിച്ച് ഫേസ്ബുക്ക് അതിന്റെ പേർ മെറ്റ എന്നാക്കി മാറ്റി. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക സ്ഥാപനങ്ങളിലൊന്നായ ആപ്പിൾ, ഓഗ്മെന്റഡ് റിയാലിറ്റിയെ കുറിച്ചും അതുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളെ കുറിച്ചും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. മെറ്റാവേഴ്‌സിലേക്കുള്ള ആപ്പിളിന്റെ വരവ് അല്‍പ്പം കാത്തിരുന്ന ശേഷമായിരിക്കുമെന്ന സൂചനയാണ് ബ്രൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ടിം കുക്ക് നല്‍കുന്നത്.