ബംഗാള്‍ ഗവര്‍ണര്‍ കേരളത്തിലെത്തി; ബിജെപി ജില്ലാ നേതൃത്വം സ്വീകരിക്കാനെത്തിയില്ലെന്ന് വിമർശനം
കൊച്ചി: ബംഗാൾ ഗവർണറായി ചുമതലയേറ്റ ശേഷം കേരളത്തിലെത്തിയ സി വി ആനന്ദബോസിനെ സ്വീകരിക്കാൻ ബി ജെ പി ജില്ലാ നേതൃത്വം എത്തിയില്ലെന്ന് വിമർശനം. ജില്ലാ പ്രസിഡന്‍റ് ഉൾപ്പെടെയുള്ള പാർട്ടിയുടെ ഔദ്യോഗിക നേതാക്കൾ വിട്ടുനിന്നെങ്കിലും കെ സുരേന്ദ്രൻ വിരുദ്ധ വിഭാഗത്തിലെ എഎൻ രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ നെടുമ്പാശേരിയിലെത്തി ആനന്ദബോസിനെ സ്വീകരിച്ചു.
ഭരണഘടനാ പദവി വഹിക്കുന്ന ഒരാളെ സ്വീകരിക്കാൻ വരേണ്ട ആവശ്യമില്ലെന്ന് പാർട്ടിക്ക് പറയാമെങ്കിലും ബി.ജെ.പിയുടെ ഔദ്യോഗിക പാളയത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന എ.എൻ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനുമാണ് സ്വീകരണത്തിൽ ശ്രദ്ധ ആകർഷിച്ചത്. ഗവർണറായ ശേഷം ആദ്യമായി കേരളത്തിലെത്തിയ ആനന്ദബോസിന് ഔദ്യോഗിക പക്ഷത്തല്ലാത്ത നേതാക്കൾ ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്.
അതേസമയം, ആനന്ദബോസിനെ സ്വീകരിക്കാൻ ജില്ലാ പ്രസിഡന്‍റ് ഷൈജു എത്താതിരുന്നത് പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടുണ്ട്. കെ സുരേന്ദ്രനോട് അനുഭാവമുള്ള നേതാവ് കൂടിയാണ് ഷൈജു. സുരേന്ദ്രനുമായി ബന്ധപ്പെട്ട കുഴൽപ്പണക്കേസ് ആനന്ദബോസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ ഔദ്യോഗിക പക്ഷം അവഗണിച്ചുവെന്ന ചർച്ചയാണ് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം നടത്തുന്നത്.