റഷ്യയെ കോളനിയാക്കാനാണ് പാശ്ചാത്യ രാജ്യങ്ങൾ ആഗ്രഹിക്കുന്നതെന്ന് പുടിൻ
മോസ്കോ: റഷ്യയെ കോളനിയാക്കാനാണ് പാശ്ചാത്യ രാജ്യങ്ങൾ ആഗ്രഹിക്കുന്നതെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. ഇന്ത്യ പോലുള്ള രാജ്യങ്ങളെ അവർ കൊള്ളയടിച്ചു. എന്നാൽ റഷ്യ സ്വയം ഒരു കോളനിയാകാൻ അനുവദിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ അവരുടെ ലക്ഷ്യം റഷ്യയും ഇറാനുമാണ്, അടുത്തത് നിങ്ങളായിരിക്കുമെന്നും പുടിൻ പറഞ്ഞു. യുക്രൈന്‍ പ്രദേശങ്ങൾ റഷ്യയുമായി ബന്ധിപ്പിക്കുന്നതിനുള്ള രേഖകളിൽ ഒപ്പിടുന്നതിന് മുമ്പ് വെള്ളിയാഴ്ച ക്രെംലിൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു പുടിൻ.
‘അവർ ഇന്ത്യയെയും ആഫ്രിക്കയെയും ചൈനയെയും കൊള്ളയടിച്ചു. മുഴുവൻ രാജ്യങ്ങളെയും മയക്കുമരുന്ന് ദുരുപയോഗത്തിനും മറ്റും അടിമകളായി. അവർ ആളുകളെ വേട്ടയാടുകയായിരുന്നു. കൂടുതൽ രാജ്യങ്ങളെ കൊള്ളയടിക്കുന്നത് തുടരാൻ അവരെ അനുവദിക്കാത്തതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്’. കറുപ്പ് യുദ്ധത്തെക്കുറിച്ചും 1857ലെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
പുടിന്‍റെ 37 മിനിറ്റ് നീണ്ട പ്രസംഗത്തിന്‍റെ ഭൂരിഭാഗവും അമേരിക്കയും സഖ്യകക്ഷികളും റഷ്യയെ ഒരു കോളനിയാക്കാൻ ശ്രമിക്കുന്നുവെന്ന വാദത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. പാശ്ചാത്യ ലിബറൽ മൂല്യങ്ങളുടെ ‘പൈശാചികത’ എന്ന് വിശേഷിച്ച പുടിൻ, ലിംഗഭേദത്തിന്‍റെയും കുടുംബത്തിന്റെയും വിഷയങ്ങളിൽ റഷ്യയ്ക്ക് അതിന്റേതായ കാഴ്ചപ്പാടുകളുണ്ടെന്നും പറഞ്ഞു.