വിമാനത്തിലെ പൈലറ്റുമാര്‍ ഉറങ്ങിപ്പോയാലോ? ലാൻഡിംഗ് വൈകിയതിന് വിചിത്ര വിശദീകരണം

അഡിസ് അബാബ: എത്യോപ്യൻ എയർലൈൻസ് വിമാനത്തിലെ പൈലറ്റുമാർ വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്ന സമയത്ത് ഉറങ്ങിപ്പോയി. സുഡാനിലെ ഖാര്‍തൂമില്‍ നിന്ന് എത്യോപ്യ തലസ്ഥാനമായ അഡിസ് അബാബയിലേക്ക് പറന്ന വിമാനത്തിന്‍റെ രണ്ട് പൈലറ്റുമാർ 37,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ ഉറങ്ങിപ്പോയതായി ഏവിയേഷൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. ഇതേതുടർന്ന് വിമാനം ലാൻഡ് ചെയ്യാൻ വൈകി.

ബോയിംഗ് 737-800 ഇടി-343 വിമാനത്തിലെ രണ്ട് പൈലറ്റുമാരാണ് ഉറങ്ങിപ്പോയത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. വിമാനം ഓട്ടോ പൈലറ്റായതിനാൽ, ഫ്ലൈറ്റ് മാനേജ്മെന്‍റ് കമ്പ്യൂട്ടർ (എഫ്എംസി) വഴി റൂട്ട് സജ്ജീകരിച്ചതിന് ശേഷമാണ് പൈലറ്റുമാർ ഉറങ്ങിയത്. നിശ്ചിത ലാൻഡിംഗ് സമയത്തിന് ശേഷവും വിമാനം കാണാൻ കഴിയാത്തതിനാൽ എയർ ട്രാഫിക് കൺട്രോൾ (എടിസി) വിമാനത്തിലെ പൈലറ്റുമാരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിമാനം ലാൻഡ് ചെയ്യേണ്ട റൺവേയ്ക്ക് മുകളിലൂടെ പറന്നപ്പോൾ ഓട്ടോ പൈലറ്റ് സംവിധാനം അലാറം മുഴക്കിയപ്പോഴാണ് പൈലറ്റുമാർ ഉണർന്നതെന്നാണ് വിവരം. റൺവേയിൽ ഇറങ്ങാൻ ഇതിനകം 25 മിനിറ്റിലധികം വൈകിയിരുന്നു. വിമാനം ഉടൻ തന്നെ റൺവേയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
മെയ് മാസത്തിൽ ന്യൂയോർക്കിൽ സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തിതിരുന്നു.