അമിത് ഷാ–ജൂനിയർ എൻടിആർ ചർച്ചയ്ക്കു പിന്നിലെന്ത്?

രാഷ്ട്രീയവൃത്തങ്ങളിലും മാധ്യമങ്ങളിലും മുതൽ സാധാരണക്കാർക്കിടയിൽവരെ ഒട്ടേറെ അഭ്യൂഹങ്ങൾക്കു വഴിവച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തെലുങ്ക് സൂപ്പർസ്റ്റാർ ജൂനിയർ എൻടിആറുമായി കൂടിക്കാഴ്ച നടത്തിയത്. എൻടിആറിന്‍റെ സ്മരണയ്ക്കായി തെലുഗുദേശം പാർട്ടിയുടെ (ടിഡിപി) സ്വാധീന മേഖലകളിൽ കടന്നുകയറാനാണോ അതോ പാർട്ടിയും ബിജെപിയും തമ്മിലുള്ള വിടവ് നികത്താനാണോ ബിജെപി ലക്ഷ്യമിടുന്നത് എന്ന് വ്യക്തമല്ല.
ദക്ഷിണേന്ത്യയിലേക്കുള്ള പ്രവേശനത്തിൽ കർണാടകയിൽ മാത്രം ഒതുങ്ങിയ ബി.ജെ.പിക്ക് മറ്റൊരു സംസ്ഥാനത്ത് അധികാരം പിടിക്കേണ്ടിവരും. അവിഭക്ത ആന്ധ്രാപ്രദേശിലെ പ്രധാന രാഷ്ട്രീയ പാർട്ടിയായ ടിഡിപിയുടെ വോട്ടുബാങ്കിന്‍റെ ബലത്തിൽ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും സ്വാധീനം വർധിപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

ഞായറാഴ്ച അമിത് ഷാ ജൂനിയർ എൻടിആറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഹൈദരാബാദിലെ നൊവോട്ടൽ ഹോട്ടലിൽ 20 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ഇരുവരും മാത്രമാണ് പങ്കെടുത്തത്. ആന്ധ്രാപ്രദേശിൽ രാഷ്ട്രീയ അടിത്തറ കെട്ടിപ്പടുക്കാനുള്ള അമിത് ഷായുടെ നീക്കങ്ങളാണ് യോഗത്തിന് പിന്നിലെന്ന് അഭ്യൂഹങ്ങൾ ശക്തമാണ്.

അതേസമയം, ജൂനിയർ എൻടിആറും രാം ചരണും അഭിനയിച്ച ‘ആർആർആർ’ എന്ന ചിത്രം അമിത് ഷാ അടുത്തിടെ കണ്ടിരുന്നുവെന്നും അതിൽ അദ്ദേഹത്തെ അഭിനന്ദിക്കാനായിരുന്നു കൂടിക്കാഴ്ചയെന്നും ബിജെപി വൃത്തങ്ങൾ പറഞ്ഞു. അങ്ങനെയെങ്കിൽ എന്തുകൊണ്ട് രാം ചരണിനെ കണ്ടില്ല എന്ന ചോദ്യമാണ് ഉയരുന്നത്.