സ്വാതന്ത്ര്യദിനത്തിൽ ഉപ്പിനെന്ത് കാര്യം; ദണ്ഡിയാത്ര ഓർമിപ്പിച്ച് സൊമാറ്റോ

പ്രമുഖ ഭക്ഷ്യ വിതരണ ശൃംഖലയായ സൊമാറ്റോ ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കുചേർന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ നിർണ്ണായക പങ്ക് വഹിച്ച ദണ്ഡി മാർച്ചുമായി ബന്ധപ്പെട്ട വ്യത്യസ്തമായ ഒരു കോമിക് പങ്കിട്ടുകൊണ്ടാണ് സൊമാറ്റോ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിച്ചത്.

ഉപ്പും കുരുമുളകും ആണ് കോമിക്കിലെ കഥാപാത്രങ്ങൾ. പലരും ഉപ്പിന് സ്വാതന്ത്ര്യദിനാശംസകൾ നേരുമ്പോൾ കുരുമുളക് അത്ഭുതപ്പെടുന്നു. അതിനാൽ കുരുമുളക് ഇതിനെക്കുറിച്ച് ഉപ്പിനോട് ചോദിക്കുന്നു, ‘എന്തുകൊണ്ടാണ് എല്ലാവരും നിന്നോട് സ്വാതന്ത്ര്യ ദിനാശംസകൾ പറയുന്നത് ?’. ഈ ചോദ്യത്തിന് മറുപടിയായി, ദണ്ഡി യാത്രയുടെ ചരിത്രം ഉപ്പ് പറയുന്നു.
“എന്‍റെ മുൻ തലമുറകൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിരുന്നു. അവർ ദണ്ഡി യാത്രയുടെ ഭാഗമായിരുന്നു,” എന്ന ഉപ്പിന്റെ മറുപടി കേട്ട് കുരുമുളകും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നാണ് ദണ്ഡി മാർച്ച്. 1930 മാർച്ച് 12 ന് സബർമതി ആശ്രമത്തിൽ നിന്ന് ആരംഭിച്ച സത്യാഗ്രഹ യാത്ര 24 ദിവസത്തിന് ശേഷം ഏപ്രിൽ 5 ന് നവസാരിയിലെ ദണ്ഡി കടപ്പുറത്തെത്തി. ഉപ്പ് വിൽപ്പനയിൽ ബ്രിട്ടീഷ് സർക്കാർ അടിച്ചേൽപ്പിച്ച വാണിജ്യ ആധിപത്യത്തെ കടൽത്തീരത്ത് ഉപ്പ് കുറുക്കി ഗാന്ധിജി വെല്ലുവിളിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പൂർണസ്വരാജിന്‍റെ പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ പ്രഖ്യാപിത പ്രതിഷേധമായിരുന്നു ഇത്. ഈ പോരാട്ടത്തിന് രാജ്യത്ത് ഒരു വലിയ തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞു.