ഹിന്ദു വിരുദ്ധ നിലപാട് കോണ്‍ഗ്രസിനെ എവിടെയെത്തിച്ചു; വിഡി സതീശനെതിരെ വി മുരളീധരൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഗുരുജി ഗോൾവാൾക്കർ ഭരണഘടനാ വിരുദ്ധനാണെന്ന് സ്ഥാപിക്കാനുള്ള പ്രതിപക്ഷ നേതാവിന്‍റെ ശ്രമം വിലപ്പോവില്ലെന്നും ഹിന്ദു വിരുദ്ധ നിലപാട് കാരണം കോൺഗ്രസ് എവിടെ എത്തിയെന്ന് വിഡി സതീശൻ ചിന്തിക്കണമെന്നും മുരളീധരൻ പറഞ്ഞു.
രാജ്യത്തെ നിയമമനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് ആർഎസ്എസ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റും പ്രധാനമന്ത്രിയും ഇപ്പോൾ ആർഎസ്എസിൽ നിന്നുള്ളവരാണ്. ആർ.എസ്.എസിനെ അവഹേളിച്ചാൽ ആളാകാമെന്ന് ഇത്രയും കാലം ചിന്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. മുഖ്യമന്ത്രി തനിച്ചാകരുതെന്നാണ് സതീശന്‍റെ നിലപാട്, മുരളീധരൻ പറഞ്ഞു. ആർഎസ്എസ് സൈദ്ധാന്തികനായ ഗോൾവാൾക്കറുടെ ‘വിചാരധാര’ എന്ന പുസ്തകത്തിൽ മുൻമന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമർശങ്ങൾ പരാമർശിച്ചിട്ടുണ്ടെന്നായിരുന്നു സതീശന്‍റെ പ്രസ്താവന. വിവാദ പ്രസ്താവനയെ തുടർന്ന് വിഡി സതീശന് ആർഎസ്എസ് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു.
മയക്കുമരുന്ന് മാഫിയകൾ കേരളം ഏറ്റെടുക്കുന്ന സമയത്ത് കുട്ടികളുടെ ശരിയായ ജീവിതത്തിൽ ബാലഗോകുലം നടത്തിയ ഇടപെടൽ അഭിനന്ദനാർഹമാണെന്ന് വി മുരളീധരൻ പറഞ്ഞു. 47-ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി, കേരളം മയക്കുമരുന്ന് ഇടപാടുകാരുടെ ഇഷ്ടകേന്ദ്രമായി മാറിയെന്നും സർക്കാർ നിശബ്ദത പാലിക്കുമ്പോൾ ബാലഗോകുലം പോലുള്ള സംഘടനകൾ നടത്തുന്ന ബോധവൽക്കരണ ക്യാമ്പയിനുകൾ ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു.