മൊത്ത വില പണപ്പെരുപ്പം 21 മാസത്തെ താഴ്ന്ന നിലയിൽ; ഭക്ഷ്യവില കുറയും

ഡൽഹി: ഇന്ത്യയിലെ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറിൽ 21 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഒക്ടോബറിലെ 8.39 ശതമാനത്തിൽ നിന്ന് നവംബറിൽ രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 5.85 ശതമാനമായി കുറഞ്ഞതായി വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

തുടർച്ചയായ രണ്ടാം മാസമാണ് മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഇരട്ട അക്കത്തിൽ താഴെ തുടരുന്നത്. 2021 ഏപ്രിൽ മുതൽ തുടർച്ചയായി 18 മാസവും രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 10 ശതമാനത്തിന് മുകളിലായിരുന്നു.

അതേസമയം, മൊത്തവില പണപ്പെരുപ്പം കഴിഞ്ഞ വർഷം നവംബറിൽ 14.87 ശതമാനമായിരുന്നു. പണപ്പെരുപ്പം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9.02 ശതമാനം കുറഞ്ഞു. മൊത്തവില പണപ്പെരുപ്പം വലിയ തോതിൽ കുറഞ്ഞതോടെ ഭക്ഷ്യവസ്‌തുക്കളുടെ വില വരും മാസങ്ങളിൽ കുറയാനാണ് സാധ്യത.