എയര്‍ ബാഗ് പോരെ സീറ്റ് ബെല്‍റ്റ് എന്തിനാ? കുറിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: യാത്രയ്ക്കിടെ സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നതിനെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ്. എയർബാഗ് ഉള്ളപ്പോൾ പോലും സീറ്റ് ബെൽറ്റ് ധരിക്കാൻ ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് പോസ്റ്റിൽ വിശദീകരിക്കുന്നു.

സീറ്റ് ബെൽറ്റും എയർബാഗും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. രണ്ടും യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. വാസ്തവത്തിൽ, സീറ്റ് ബെൽറ്റും എയർബാഗും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ 70 കി.മീ മുകളിലേക്കുള്ള സ്പീഡില്‍ യാത്രക്കാര്‍ക്ക് രക്ഷയുള്ളൂ എന്നതാണ് വാസ്തവം. ഓടുന്ന വാഹനത്തിന്‍റെ അതേ വേഗത ശരീരത്തിന് ഉണ്ടായിരിക്കും. വാഹനം പെട്ടെന്ന് നിർത്തിയാലും ശരീരത്തിന്‍റെ വേഗത കുറയുന്നില്ല. അതുകൊണ്ടാണ് ശരീരത്തിന് കനത്ത പ്രഹരം ഏൽക്കുന്നത്. ഇത് തടയാനാണ് സീറ്റ് ബെൽറ്റ്.

വാഹനം അപകടത്തിൽപ്പെട്ടാൽ സെക്കൻഡുകൾക്കുള്ളിൽ എയർബാഗ് തുറക്കും. എയർബാഗുകൾ വലിയ ശക്തിയോടെ വിരിയും. ബെൽറ്റ് ഘടിപ്പിച്ചില്ലെങ്കിൽ, മുന്നിലുള്ള യാത്രക്കാരന് എയർബാഗിന്‍റെ ശക്തി കാരണം ഗുരുതരമായി പരിക്കേൽക്കാൻ സാധ്യതയുണ്ട്. സീറ്റ് ബെൽറ്റ് ധരിക്കുന്നത് യാത്രക്കാരുടെ മുന്നോട്ടുള്ള ചലനശേഷി കുറയ്ക്കുന്നു. തലയിടിക്കാതെ എയര്‍ബാഗ് വിരിയുകയും ചെയ്യും.