മുഖ്യമന്ത്രി ലോകായുക്തയെ എന്തിന് പേടിക്കുന്നു; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചുകൊണ്ടുള്ള ഭേദഗതി ബിൽ നിയമസഭ പാസാക്കിയതിനെതിരെ രൂക്ഷവിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബില്ലിനെതിരെ പ്രതിപക്ഷം രംഗത്തെത്തുകയും പ്രതിഷേധ സൂചകമായി വോട്ടെടുപ്പിന് മുമ്പ് ഇറങ്ങിപ്പോവുകയും ചെയ്തു. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

എന്തിനാണ് ലോകായുക്തയുടെ നാവ് മുറിച്ചതെന്ന ചോദ്യമാണ് രമേശ് ചെന്നിത്തല ഉയർത്തിയത്. മടിയിൽ കനമില്ല എന്ന് പലപ്പോഴും പറയുന്ന ആളാണ് മുഖ്യമന്ത്രി. കനമില്ലെങ്കില്‍, എന്തിന് ലോകായുക്തയെ ഭയപ്പെടണം?. കനമുണ്ടെന്നതാണ് വാസ്തവമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം –

“ലോകായുക്തയുടെ നാവ് എന്തിനുവേണ്ടി അരിഞ്ഞു?
മുച്ചൂടും കൊള്ളക്ക് വേണ്ടി മാത്രമാണ് അധികാരങ്ങള്‍ വെട്ടിക്കുറച്ചത്. മടിയില്‍ കനം ഇല്ലെങ്കില്‍ ഞാന്‍ എന്തിന് പേടിക്കണം എന്ന് നാഴികയ്ക്ക് നാല്പതുവട്ടം ഗീര്‍വാണമടിക്കുന്ന മുഖ്യമന്ത്രി എന്തിന് ലോകായുക്തയെ പേടിക്കണം ,അപ്പോള്‍ എവിടെയോ എന്തോ കനമുണ്ട് അതാണ് വാസ്തവം.

ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ ജനലോക്പാല്‍ ബില്ലിനു വേണ്ടി നടത്തിയ കോലാഹലങ്ങള്‍ എന്തിനു വേണ്ടിയായിരുന്നു? ജനങ്ങളുടെ മുന്നില്‍ തങ്ങള്‍ അഴിമതിക്കും സ്വജനപക്ഷപാദത്തിനും എതിരെ നിരന്തരം പ്രസംഗിക്കുകയും, എന്നാല്‍ യാഥാര്‍ത്ഥത്തില്‍ അഴിമതിയും നടത്തുന്ന ജനപ്രതിനിധികളെ ശിക്ഷിക്കേണ്ട ലോകായുക്തയുടെ നാവ് അരിഞ്ഞ് വീഴ്ത്തിയ നടപടിക്ക് ഇടതുപക്ഷ സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയേണ്ടിവരും.”