സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കൻ മേഖലകളിൽ കൂടുതൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിൽ നിന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസവും ഈ ജില്ലകളിലും കനത്ത മഴ തുടരും. അടുത്ത ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബീഹാറിന് മുകളിലും സമീപ പ്രദേശങ്ങളിലുമായി നിലനിൽക്കുന്ന ചക്രവാതചുഴിയും ബംഗാൾ ഉൾക്കടലിൽ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുമാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം.