സംസ്ഥാനത്ത് വ്യാപകമായ മഴ തുടരാൻ സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ. കിഴക്കൻ മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. 11 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ്.

വടക്കൻ കേരളത്തിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. നാളെയോടെ ഇത് ഒരു ന്യൂനമർദ്ദമായി മാറി ഇന്ത്യൻ തീരത്ത് നിന്ന് നീങ്ങാൻ സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിൽ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതായും അറിയിപ്പുകളുണ്ട്. മത്സ്യത്തൊഴിലാളികൾക്കുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്. 

മാൻഡോസ് ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി ദുർബലമായെങ്കിലും ഇതിന്‍റെ ഭാഗമായ പടിഞ്ഞാറൻ കാറ്റാണ് സംസ്ഥാനത്ത് തുടരുന്ന മഴയ്ക്ക് കാരണം. അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചക്രവാതച്ചുഴി കർണാടക, വടക്കൻ കേരളം വഴി അറബിക്കടലിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചക്രവാതച്ചുഴി നീങ്ങുന്നതിനനുസരിച്ച് മഴയുടെ ശക്തി കുറയും.