തമിഴ്നാട്ടില്‍ ബിജെപി-ഹിന്ദുമുന്നണി പ്രവര്‍ത്തകർ നടത്തുന്ന സമരത്തില്‍ വ്യാപക അക്രമം

ചെന്നൈ: സനാതന ധർമ്മത്തിനെതിരെ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ രാജ നടത്തിയ പരാമർശത്തിനെതിരെ തമിഴ്നാട്ടിലും പുതുച്ചേരിയിലും ബിജെപിയുടേയും ഹിന്ദു മുന്നണിയുടേയും പ്രതിഷേധം തുടരുന്നു. പുതുച്ചേരിയിൽ ഹിന്ദുമുന്നണി ആഹ്വാനം ചെയ്ത ഹർത്താലിൽ വിവിധ സ്ഥലങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. സനാതന ധർമ്മത്തെ പ്രകീർത്തിച്ച തമിഴ്നാട് ഗവർണർ ആർ.എൻ രവിയുടെ പരാമർശത്തെ രാഷ്ട്രീയമായി എതിർക്കാനുള്ള ഡി.എം.കെയുടെ തീരുമാനത്തിന്‍റെ ഭാഗമായിരുന്നു എ.രാജയുടെ പ്രതികരണം.

മനുസ്മൃതിയാണ് സനാതന ധർമ്മത്തിന്‍റെ അടിസ്ഥാനമെന്നും ബ്രാഹ്മണ്യത്തിന് മാത്രമേ അതിനെ പിന്തുണയ്ക്കാൻ കഴിയൂവെന്നുമായിരുന്നു രാജയുടെ പ്രതികരണം. ഭരണഘടനാ പദവി വഹിക്കുന്ന ഗവർണർ മത പ്രീണനത്തിൽ ഏർപ്പെടുകയാണെന്ന് ഡി.എം.കെ നേതാവ് ടി.ആർ ബാലുവും കുറ്റപ്പെടുത്തി.

ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ബി.ജെ.പി ഉയർത്തുന്നത്. ഡി.എം.കെയുടെ നിലപാട് ഹിന്ദു വിരുദ്ധമാണെന്ന് ആരോപിച്ച് വില്ലുപുരത്തും കോയമ്പത്തൂരിലും ബി.ജെ.പി പ്രവർത്തകർ പ്രതിഷേധം നടത്തി. ബി.ജെ.പി, ഹിന്ദുമുന്നണി പ്രവർത്തകരുടെ പ്രതിഷേധം എ.രാജയെയാണ് ലക്ഷ്യമിട്ടത്. 

ഡി.എം.കെയുടെ ദ്രാവിഡ മാതൃകയിലുള്ള ആശയ പ്രചാരണത്തിനെതിരെ തമിഴ്നാട്ടിൽ ഉടനീളം ഹിന്ദുത്വ അധിഷ്ഠിത എതിർ പ്രചരണം സംഘടിപ്പിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. പുതുച്ചേരിയിൽ ഹിന്ദുമുന്നണി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. വിവിധ പ്രദേശങ്ങളിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. അഞ്ച് സർക്കാർ ബസുകൾ ഉൾപ്പെടെ ആറ് വാഹനങ്ങൾ ഹർത്താൽ അനുകൂലികൾ തകർത്തു. കടകളും മാർക്കറ്റുകളും അടഞ്ഞു കിടക്കുകയാണ്.