98 ഡയാലിസിസ് സെഷനുകൾക്ക് വിധേയനായ ഭർത്താവിന് വൃക്ക നൽകി ഭാര്യ

98 ഡയാലിസിസ് സെഷനുകൾക്ക് വിധേയനായ ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ ഭാര്യ തന്റെ വൃക്ക ദാനം ചെയ്ത കഥയാണ് ഇപ്പോൾ ഇന്റർനെറ്റ്‌ ലോകത്ത് തരംഗം സൃഷ്ടിക്കുന്നത്. കൊച്ചി സ്വദേശി ലിയോയാണ് സ്വന്തം മാതാപിതാക്കളുടെ കഥ ട്വിറ്ററിലൂടെ പങ്കുവെച്ചത്.

ആഴ്ചയിൽ മൂന്ന് ദിവസം തന്‍റെ പിതാവിന് ഡയാലിസിസ് സെഷനുകൾ അവശ്യമായിരുന്നുവെന്നും,അത് പൂർത്തിയാകുന്നത് വരെ അമ്മ അഞ്ചോ ആറോ മണിക്കൂറിലധികം കാത്തിരിക്കാറുണ്ടായിരുന്നെന്നും ലിയോ ട്വിറ്ററിലൂടെ പറയുന്നു.

അദ്ദേഹത്തെ രക്ഷിക്കാൻ അമ്മ തന്‍റെ വൃക്ക ദാനം ചെയ്യുകയും, ഇരുവരുമൊന്നിച്ചനുഭവിച്ചിരുന്ന സങ്കടത്തിൽ നിന്ന് മുക്തി നേടുകയും ചെയ്ത കഥ താൻ കേട്ടിട്ടുള്ളതിൽ വച്ചേറ്റവും മികച്ച പ്രണയ കഥയാണെന്നും ലിയോ കൂട്ടിച്ചേർത്തു.

കൊച്ചിയിലെ ആശുപത്രിയിൽ അവയവം പങ്കു വെച്ച ലിയോയുടെ മാതാപിതാക്കൾ ഏറ്റവും പ്രായം കൂടിയ ദാതാവും, സ്വീകർത്താവും കൂടിയാണ്.