കഞ്ചിക്കോട് ട്രെയിനിടിച്ചുണ്ടായ അപകടത്തിൽ കാട്ടാന ചരിഞ്ഞു

പാലക്കാട്: കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചെരിഞ്ഞു. കോട്ടമുടി പ്രദേശത്തെ ബി ലൈനിലൂടെ കടന്നുപോകുകയായിരുന്ന ട്രെയിൻ ആനയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ഇത് ഒരു സ്ഥിരം അപകട മേഖലയാണ്.

കന്യാകുമാരിയിൽ നിന്ന് അസമിലെ ഗുവാഹത്തിയിലേക്ക് പോവുകയായിരുന്ന വിവേക് എക്‌സ്പ്രസാണ് ആനയുടെ ജീവനെടുത്തത്. നേരത്തെ 2016 ലും 2019 ലും ഈ പ്രദേശത്ത് കാട്ടാനകളെ ട്രെയിൻ ഇടിച്ചിരുന്നു.

ഈ പ്രദേശത്തിലൂടെ കടന്നുപോകുമ്പോൾ വേഗത കുറയ്ക്കാൻ നിർദ്ദേശം നൽകണമെന്ന് വനംവകുപ്പും മറ്റും റെയിൽവേയോട് വളരെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. വീടുകളും കൃഷിയിടങ്ങളും നശിപ്പിക്കുന്നതിനാൽ പ്രദേശത്ത് താമസിക്കുന്നവർക്കും കാട്ടാനകൾ ഭീഷണിയാണ്.