തെന്മലയിലെ റബ്ബർ എസ്റ്റേറ്റിൽ കാട്ടാന പ്രസവിച്ചു; കണ്ടത് ടാപ്പിങ്ങിന് പോയ തൊഴിലാളികൾ

തെന്മല: തെന്മല കഴുതുരുട്ടിക്ക് സമീപം നാഗമലയിലെ റബ്ബർ എസ്റ്റേറ്റിൽ കാട്ടാന പ്രസവിച്ചു. നാഗമല ‘2015 ഫീൽഡിൽ’ രാവിലെ ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് കാടിനോട് ചേർന്നുള്ള പ്രദേശത്ത് കുട്ടിയാനയ്ക്കൊപ്പം ആന നിൽക്കുന്നത് കണ്ടത്. പ്രസവ ശേഷമുള്ള ലക്ഷണങ്ങൾ കണ്ടതിനാൽ വിവരം ഫീൽഡ് വാച്ചറായ രാജനെ അറിയിക്കുകയായിരുന്നു. പിന്നാലെ നാഗമല എസ്റ്റേറ്റിലെ എബിയും രാജനും നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഈ ഭാഗത്ത് റബ്ബർ എസ്റ്റേറ്റും വനാതിർത്തിയും തമ്മിൽ 600 മീറ്റർ ദൂരമേ ഉള്ളൂ. റബ്ബർ മുറിച്ച പ്രദേശത്ത് വിഷപ്പയർ വളരുന്ന വിശാലമായ പ്രദേശമാണിത്. കാട്ടാനകൾ പതിവായി ഇറങ്ങുന്ന ഈ പ്രദേശത്ത് സൗരോർജ വേലി ഇല്ല.

മൂന്ന് മണിയോടെ വനത്തിൽ നിന്ന് 4 ആനകൾ ഇവിടെയെത്തി. തുടർന്ന് കുട്ടിയാനയും അമ്മയും അവരോടൊപ്പം കാട്ടിലേക്ക് പോയി. കുഞ്ഞിനെ ആനകളുടെ നടുവിൽ സുരക്ഷിതമായി നിർത്തിയായിരുന്നു മടക്കം.