ലോറി തടഞ്ഞ് നിർത്തി കരിമ്പ് മോഷ്ടിച്ച് കാട്ടാനകൾ; വീഡിയോ വൈറൽ

കാട്ടാനക്കൂട്ടം കരിമ്പ് നിറച്ച ലോറിയുടെ അടുത്ത് വന്ന് കരിമ്പ് മോഷ്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വാഹനത്തിൽ നിന്ന് തുമ്പിക്കൈകൾ കൊണ്ട് വലിച്ചെടുത്താണ് ആനകൾ കരിമ്പ് ഭക്ഷിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ആണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.

നേരത്തെയും ആനകൾ വാഹനങ്ങൾ തടഞ്ഞു നിർത്തി കരിമ്പ് പറിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സൈബർ ലോകത്ത് ഹിറ്റായിരുന്നു. കരിമ്പ് നിറച്ച ട്രക്കിൽ നിന്ന് ആനയും കുഞ്ഞും മോഷ്ടിക്കുന്ന വീഡിയോ അടുത്തിടെ സൈബർ ലോകത്ത് വൈറലായിരുന്നു. കുട്ടിയാനയുമായി എത്തിയ അമ്മ ആന കരിമ്പ് ലോറി തടഞ്ഞു. വാഹനം നിർത്തിയ ശേഷം ഒരു തൊഴിലാളി വാഹനത്തിന് മുകളിൽ കയറി ആനയ്ക്ക് കരിമ്പ് നൽകുന്നത് കാണാമായിരുന്നു. ആവശ്യത്തിന് കരിമ്പ് ലഭിച്ചതിനെ തുടർന്ന് ആനകൾ റോഡിൽ നിന്ന് നീങ്ങി. സത്യമംഗലം വനത്തിന് സമീപത്ത് നിന്നാണ് ദൃശ്യങ്ങൾ പതിഞ്ഞത്. നിരവധി പേരാണ് വീഡിയോ കണ്ടത്. കുട്ടിയാനയ്ക്ക് വിശക്കുമ്പോൾ അമ്മയാന മറ്റൊന്നും നോക്കാതെ കരിമ്പ് മോഷ്ടിക്കാൻ പോയെന്നാണ് വീഡിയോ കണ്ടവർ പറയുന്നത്.