കാട്ടുതീ; കാലിഫോർണിയയിൽ വ്യാപക നാശനഷ്ടം, 100 ഓളം വീടുകൾ കത്തിനശിച്ചു

കാലിഫോർണിയ: വടക്കൻ കലിഫോർണിയയിൽ ആയിരത്തിലധികം ഏക്കറിൽ കാട്ടുതീ പടർന്നതിനെത്തുടർന്ന് നൂറോളം വീടുകളും, മറ്റ് കെട്ടിടങ്ങളും കത്തിനശിച്ചു. രണ്ടു പേർക്ക് പരുക്കുണ്ട്. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു.

കാട്ടുതീ അപകടകരമാംവിധം പടരുന്നുണ്ടെന്നും പ്രദേശത്തെ നിരവധി കെട്ടിടങ്ങൾ അപകടത്തിലാണെന്നും സിസ്കിയോ കൗണ്ടിയിലെ അഗ്നിശമന സേന മുന്നറിയിപ്പ് നൽകി. പ്രദേശം പൂർണ്ണമായും സീൽ ചെയ്യുകയും വളർത്തുമൃഗങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. 2,600 പേർ താമസിക്കുന്ന വീഡിന് വടക്ക് ഭാഗത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്.

വളരെ വേഗത്തിൽ തീജ്വാലകൾ ലിങ്കൺ ഹൈറ്റ്സ് പരിസരത്തേക്ക് പടർന്നു. വീടുകൾ കത്തിനശിക്കുകയും നിരവധി ആളുകൾ അവരുടെ ജീവൻ രക്ഷിക്കാൻ പലായനം ചെയ്യുകയും ചെയ്തു. പരിക്കേറ്റ രണ്ടുപേരെ മൗണ്ട് ശാസ്തയിലെ മേഴ്സി മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില തൃപ്തികരമാണ്. എന്നാൽ പൊള്ളലേറ്റ മറ്റൊരാളുടെ നില ഗുരുതരമാണ്.