“വന്യജീവി സങ്കേതത്തോട് ചേര്‍ന്ന ജനവാസമേഖലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഇല്ല”

വന്യജീവി സങ്കേതങ്ങളോട് ചേർന്നുള്ള സംസ്ഥാനത്തെ ജനവാസ മേഖലകളിൽ ഉരുൾപൊട്ടലിന് സാധ്യതയില്ലെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു. പ്രക്യതി ദുരന്തങ്ങളുമായ് ബന്ധപ്പെട്ട് സ്വീകരിച്ച സമീപനത്തിന് വിരുദ്ധമായ നിലപാട് വനം പരിസ്ഥിതി മന്ത്രാലയത്തെ കേരളം അറിയിച്ചു. അതേസമയം ബഫർ മേഖല സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തും.

22 വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും പരിസ്ഥിതി ലോല മേഖലകൾ നിശ്ചയിച്ച് കൊണ്ടുള്ള കേരളത്തിന്റെ നിർദ്ദേശം കേന്ദ്രത്തിന് ലഭിച്ചു. വന്യജീവി സങ്കേതങ്ങളോട് ചേർന്നുള്ള സംസ്ഥാനത്തെ ജനവാസ മേഖലകളിൽ ഉരുൾപൊട്ടലിന് സാധ്യതയില്ലെന്നാണ് ഇതിൽ കേരളത്തിന്റെ കണ്ടെത്തൽ. പരിസ്ഥിതി ലോല മേഖല എന്ന നയം സ്വീകരിക്കുമെന്ന് കേരളം നേരത്തെ തന്നെ കേന്ദ്രത്തിന് ഉറപ്പ് നൽകിയിരുന്നു.

എല്ലാ വന്യജീവി സങ്കേതങ്ങളിലെയും ദേശീയോദ്യാനങ്ങളിലെയും ജനവാസ മേഖലകളെ ഒഴിവാക്കാനുള്ള നിർദ്ദേശം സമർപ്പിച്ച് കേരളം നയത്തിൽ ഭേദഗതി വരുത്തി. ഇതോടെ കേന്ദ്രത്തിന് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനം നേരത്തെ ഇറക്കിയ ഉത്തരവിന്റെ പ്രസക്തിയും നഷ്ടപ്പെട്ടു. ഈ വിഷയത്തിൽ സംസ്ഥാനത്തിന്റെ നിലപാടിനോടുള്ള കേന്ദ്രത്തിന്റെ സമീപനം ഇനി വളരെ പ്രധാനപ്പെട്ടതായിരിക്കും.