സജി ചെറിയാന്റെ സത്യപ്രതിജ്ഞ ബഹിഷ്കരിക്കുമെന്ന് വിഡി സതീശൻ
കൊച്ചി: സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കുമെന്ന് വി.ഡി സതീശൻ. സജി ചെറിയാൻ രാജിവച്ച സാഹചര്യം ഇപ്പോഴും നിലനിൽക്കുകയാണെന്നും വീണ്ടും മന്ത്രിയാകാൻ എന്ത് മാറ്റമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രിയും പാർട്ടിയും വ്യക്തമാക്കണമെന്നും സതീശൻ പറഞ്ഞു.
സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധിക്കുകയും നിയമപരമായ വഴികൾ തേടുകയും ചെയ്യുമെന്നും സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷം പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ ഇടനിലക്കാരുണ്ട്. പലപ്പോഴും ബി.ജെ.പി നേതാക്കൾ തന്നെ ഇടനിലക്കാരായി മാറുന്നു. ഇതാദ്യമായല്ല ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ ഒത്തുതീർപ്പിലെത്തുന്നത്. ഇതെല്ലാം താൻ പലതവണ കണ്ടിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
രണ്ടാം പിണറായി സർക്കാരിൽ സജി ചെറിയാൻ നാളെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. ഗവർണർ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. ആരാണ് മന്ത്രിയാകേണ്ടതെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. അസാധാരണമായ സാഹചര്യമാണിതെന്നും തന്റെ ആശങ്ക സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.