ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നത് ആലോചിക്കുമെന്ന് കാനം

തിരുവനന്തപുരം: ഗവർണർ ചെയ്യുന്നതെല്ലാം ജനം വച്ച് പൊറുപ്പിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അധികാരമില്ലാത്ത കാര്യങ്ങളാണ് ഗവർണർ ചെയ്യുന്നത്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം എൽഡിഎഫ് ഗൗരവമായി പരിഗണിക്കുമെന്നും കാനം പറഞ്ഞു. സർവകലാശാല നിയമങ്ങളിൽ എല്ലാം വ്യക്തമാണ്. ഗവർണറാണ് സർക്കാർ-ഗവർണർ യുദ്ധത്തിന് സംസ്ഥാനത്ത് സാഹചര്യം സൃഷ്ടിച്ചത്. രണ്ട് കൈ കൂട്ടിയടിച്ചാലേ ശബ്ദമുണ്ടാകൂ എന്ന് ഗവർണർ മനസ്സിലാക്കണം.

സർക്കാരിന് മുകളിൽ തൂങ്ങിക്കിടക്കുന്ന വാളായി ഗവർണർ തുടരട്ടെ എന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ഗവർണറുടെ അന്ത്യശാസനത്തിന്‍റെ തുടർച്ചയായി ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിയിൽ ശക്തമായ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും രംഗത്തെത്തി. ആർഎസ്എസ് ക്രിമിനലുകളാണ് രാജ്ഭവൻ ഭരിക്കുന്നതെന്നും ജയരാജൻ ആരോപിച്ചു. ആർ.എസ്.എസ് അജണ്ട നടപ്പാക്കാനാണ് ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നത്. മോഹൻ ഭാഗവത് നൽകിയ ക്വട്ടേഷൻ ജോലി ഇവിടെ നടപ്പാക്കാൻ അനുവദിക്കില്ല. ആർ.എസ്.എസുകാരെ വി.സിമാരാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.