ചരിത്രം കുറിക്കുമോ ഫ്രാൻസ്; ലോകകപ്പ് സെമിഫൈനലിൽ ഫ്രാൻസ്-മൊറോക്കോ പോരാട്ടം

മൊറോക്കൻ തലസ്ഥാനമായ റബാത്തിൽ നിന്ന് ഫ്രഞ്ച് തലസ്ഥാനമായ പാരീസിലേക്ക് യാത്ര ചെയ്യണമെങ്കിൽ ജിബ്രാൾട്ടർ കടലിടുക്ക് കടക്കണം. സ്പെയിൻ വഴി പോർച്ചുഗലിനു ചാരെയാണ് യാത്ര. മൊറോക്കോയുടെ പോരാളികൾ ലോകകപ്പിലും ഇതേ പാതയിലൂടെയാണ് സഞ്ചരിച്ചത്. ഷൂട്ടൗട്ടിലേക്ക് നീണ്ട പ്രീക്വാർട്ടറിൽ അവർ സ്പെയിനിനെ തോൽപ്പിച്ചു. ക്വാർട്ടറിൽ പോർച്ചുഗലിനെയും.

അടുത്തിടെ അന്തരിച്ച പ്രശസ്ത ചരിത്രകാരനായ ഡൊമിനിക് ലാപിയുടെ പുസ്തകത്തിന്‍റെ തലക്കെട്ട് ഇന്ന് സെമി ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ചാൽ മൊറോക്കൻ വിജയവുമായി നന്നായി പൊരുത്തപ്പെടും- ഈസ് പാരിസ് ബേണിങ്! പക്ഷേ, ആവേശത്തിന്‍റെ തീകൊണ്ട് മാത്രം ഫ്രഞ്ചുകാരെ ശമിപ്പിക്കാനാവില്ല. അതിന് ഫുട്ബോൾ തന്ത്രങ്ങൾ കൂടി ആവശ്യമാണ്.

ഈ ലോകകപ്പിൽ ഏറ്റവും ആസൂത്രിതമായി കളിക്കുന്ന ടീമാണ് അവർ. ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനലിൽ മാത്രമാണ് ഫ്രാൻസിന്‍റെ ഒന്നാം നിര ഒന്നു ഫോം ഔട്ടായത്. എന്നിരുന്നാലും അവരുടെ മികവും പൂർണ്ണതയും അവർ വിജയിച്ചു എന്നതിലുണ്ട്. ഇന്ന്
രാത്രി 12:30ന് അൽ ബെയ്റ്റ് സ്റ്റേഡിയത്തിൽ അവസാന വിയർപ്പ് വരെ പൊരുതുന്ന മൊറോക്കോയെ തോൽപ്പിച്ചാൽ ലോകകിരീടം നിലനിർത്തുക എന്ന അപൂർവ നേട്ടത്തിന്‍റെ വക്കിലായിരിക്കും ദിദിയേ ദെഷാമും കൂട്ടരും എത്തുക.