ലീഗ് മതേതര പാർട്ടിയാണെങ്കിൽ യുഡിഎഫില്‍ നില്‍ക്കില്ലെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: മുസ്ലിം ലീഗിന്‍റെ മുന്നണി മാറ്റം കേരള രാഷ്ട്രീയത്തിൽ കാലാകാലങ്ങളിൽ ഉയർന്നുവരുന്ന ചർച്ചാ വിഷയമാണ്. യു.ഡി.എഫിന്‍റെ നട്ടെല്ലാണെങ്കിലും എൽ.ഡി.എഫ് ഔദ്യോഗികമായി ക്ഷണിച്ചാൽ മുന്നണി മാറാൻ ലീഗ് മടിക്കില്ലെന്ന നിലപാടിലാണ് ചില നേതാക്കൾ. എന്നാൽ ഈ ചർച്ചകൾ വരുമ്പോഴെല്ലാം യു.ഡി.എഫിൽ ഉറച്ചുനിൽക്കുമെന്ന നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിച്ചിരിക്കുന്നത്.

1967ൽ ഇടതുമുന്നണിയുടെ ഭാഗമായിരുന്നെങ്കിലും മുസ്ലിം ലീഗ് യു.ഡി.എഫിന്‍റെ അവിഭാജ്യഘടകമായി മാറി. ഇപ്പോൾ വീണ്ടും മുസ്ലിം ലീഗിന്‍റെ മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് കളമൊരുങ്ങുകയാണ്.

പുതിയ സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം.വി ഗോവിന്ദൻ ഇത് സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. മുസ്ലിം ലീഗ് മതേതര പാർട്ടിയാണെങ്കിൽ യുഡിഎഫിൽ തുടരാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.