കെ.എസ്.ആര്‍.ടി.സിയില്‍ എട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി എടുക്കില്ലെന്ന് സിഐടിയു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിൽ, ഗതാഗത മന്ത്രിമാർ തൊഴിലാളി സംഘടനകളുമായി നടത്തിയ മൂന്നാം വട്ട ചർച്ചയും പരാജയപ്പെട്ടു. എട്ട് മണിക്കൂർ സിംഗിൾ ഡ്യൂട്ടി മതിയെന്ന നിലപാടിൽ യൂണിയനുകൾ ഉറച്ചുനിന്നതോടെയാണ് തീരുമാനമാകാതെ ചർച്ചകൾ അവസാനിപ്പിച്ചത്.

എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യില്ലെന്നും ഓവർടൈമിന് കൂടുതൽ വേതനം ആവശ്യമാണെന്നും സിഐടിയു സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. തൊഴിൽ നിയമങ്ങളിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ലെന്നും അധിക മണിക്കൂർ ജോലി ചെയ്താൽ അധിക വേതനം ആവശ്യമാണെന്നും സിഐടിയു അറിയിച്ചു.

ശമ്പള വിതരണം, യൂണിയൻ പ്രൊട്ടക്ഷന്‍, ഡ്യൂട്ടി പരിഷ്‌കരണം എന്നിവ ഒറ്റ പാക്കേജായേ പരിഗണിക്കൂവെന്ന് ചർച്ചയ്ക്ക് ശേഷം മന്ത്രിമാരായ ശിവൻകുട്ടിയും ആന്‍റണി രാജുവും പറഞ്ഞു. ഐ.എൻ.ടി.യു.സിയും ടി.ഡി.എഫും സർക്കാർ നയത്തെ എതിർക്കുന്നത് തുടരുകയാണ്.