ചരിത്രത്തെ വളച്ചൊടിക്കുന്നതിനെ ശക്തമായി എതിർക്കും: സോണിയ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യയെ വിഭജിക്കുന്നതിൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വഹിച്ച പങ്കിനെക്കുറിച്ചുള്ള ബി.ജെ.പിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാഷ്ട്രീയ നേട്ടങ്ങൾക്കായി സ്വാതന്ത്ര്യസമരത്തിലെ ഇതിഹാസങ്ങൾ നൽകിയ സംഭാവനകളെ നിസ്സാരവത്കരിച്ച് ചരിത്രത്തെ വളച്ചൊടിക്കുന്നതിനെ ശക്തമായി എതിർക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു.

സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തെയും കഴിഞ്ഞ 75 വർഷത്തിനിടെ രാജ്യം കൈവരിച്ച മഹത്തായ നേട്ടങ്ങളെയും നിസ്സാരവത്കരിക്കാനുള്ള ഇപ്പോഴത്തെ സ്വാർത്ഥ സർക്കാരിന്റെ ശ്രമങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള സന്ദേശത്തിൽ സോണിയ ഗാന്ധി പറഞ്ഞു.

“രാഷ്ട്രീയ നേട്ടങ്ങൾക്കായി ചരിത്രപരമായ വസ്തുതകൾ തെറ്റായി ചിത്രീകരിക്കുന്നതിനെ കോൺഗ്രസ് ശക്തമായി എതിർക്കുന്നു. മഹാത്മാ ഗാന്ധി, ജവാഹർലാൽ നെഹ്‌റു, സർദാർ വല്ലഭ്ഭായ് പട്ടേൽ, മൗലാന ആസാദ് തുടങ്ങിയ മഹാന്മാരായ ദേശീയ നേതാക്കളെ നുണകളുടെ അടിസ്ഥാനത്തിൽ പ്രതിക്കൂട്ടിൽ നിർത്തുകയാണ്.’– സോണിയ ആരോപിച്ചു.

പ്രത്യേകമായി പരാമർശിച്ചിട്ടില്ലെങ്കിലും ഇന്ത്യാ വിഭജനത്തെ കുറിച്ച് ബി.ജെ.പിയുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ച വീഡിയോകൾ ലക്ഷ്യമിട്ടായിരുന്നു സോണിയയുടെ പ്രസ്താവന. ‘വിഘടന ശക്തികൾക്കെതിരെ പോരാടാൻ ഉത്തരവാദിത്തമുള്ളവർ എവിടെയായിരുന്നു?’ എന്ന തലക്കെട്ടിലായിരുന്നു നെഹ്‌റുവിന്റെ പങ്കിനെ ചോദ്യം ചെയ്തു കൊണ്ടുള്ള ബിജെപി വിഡിയോ. ഇതിനെതിരെ കഴിഞ്ഞദിവസം കോൺഗ്രസ് രംഗത്തെത്തിയിരുന്നു. മുഹമ്മദലി ജിന്ന പരിപൂർണമാക്കിയ ദ്വിരാഷ്ട്ര സിദ്ധാന്തത്തിന് ജന്മം നൽകിയത് ഹിന്ദുത്വ സൈദ്ധാന്തികനായ വീർ സവർക്കറാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.