വില്യംസ് സഹോദരിമാരുടെ കുടുംബവീട് ലേലത്തിനെന്ന് റിപ്പോർട്ട്
ഫ്ലോറിഡ: വില്യംസ് സഹോദരിമാരുടെ കുടുംബവീട് ലേലത്തിന് വെച്ചെന്ന് റിപ്പോർട്ട്. വില്യംസ് സഹോദരിമാർ എന്നറിയപ്പെടുന്ന സെറീന വില്യംസും വീനസ് വില്യംസും ടെന്നീസ് ലോകത്തെ വിലമതിക്കാനാവാത്ത താരങ്ങളാണ്. ടെന്നീസിൽ ഇരുവരും ഒരുമിച്ച് പടുത്തുയർത്തിയ നേട്ടങ്ങൾ അവിസ്മരണീയമാണ്.
കടബാധ്യതകൾ തീർക്കാൻ ഇരുവരുടെയും കുടുംബവീട് ലേലത്തിന് വച്ചിരിക്കുകയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഫ്ലോറിഡയിലെ പാം ബീച്ച് ഗാര്‍ഡന്‍സിലാണ് 10 ഏക്കർ വിസ്തൃതിയുള്ള സ്ഥലവും വീടും സ്ഥിതി ചെയ്യുന്നത്. ടിഎംഎസ് സ്പോർട്സാണ് വാർത്ത പ്രസിദ്ധീകരിച്ചത്. 11.6 കോടി രൂപ (1.42 ദശലക്ഷം ഡോളർ) ആണ് വീടിന്‍റെ മൂല്യം.
നാല് കിടപ്പുമുറികളും മൂന്ന് കുളിമുറികളും രണ്ട് ടെന്നീസ് കോർട്ടുകളും ഇവിടെയുണ്ട്. സെറീനയുടെയും വീനസിന്റെയും പിതാവ് റിച്ചാർഡിന്‍റെ രണ്ടാം ഭാര്യ ലുക്കേഷിയ വായ്‌പ എടുത്ത തുക തിരിച്ചടയ്ക്കാത്തതിനാലാണ് വീട് ലേലത്തിന് വച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.