കുവൈത്തിൽ ശൈത്യകാലം വൈകുമെന്ന് സൂചന; വേനൽ നവംബർ പകുതിവരെ തുടരും
കുവൈത്ത് സിറ്റി: കുവൈത്തിൽ ശൈത്യകാലം ആരംഭിക്കുന്നത് വൈകുമെന്ന് സൂചന. വേനൽക്കാലം നവംബർ പകുതി വരെ തുടരും. ഈ ആഴ്ച മധ്യ അറേബ്യൻ ഉപദ്വീപിലും അറേബ്യൻ ഗൾഫിന് അഭിമുഖമായുള്ള തീരത്തും അന്തരീക്ഷമർദ്ദം ഉയരാൻ സാധ്യതയുണ്ടെന്ന് ജ്യോതിശാസ്ത്രജ്ഞനായ ആദിൽ അൽ മർസൂഖ് പറഞ്ഞു. 1013 മുതൽ 1018 മില്ലി ബാർവരെ അന്തരീക്ഷമർദ്ദമുള്ള ഹോട്ട്സ്പോട്ടുകൾ തെക്ക് ഭാഗത്ത് രൂപപ്പെടും.
ആകാശത്ത് മേഘങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്നും ആദിൽ അൽ മർസൂഖ് സൂചിപ്പിച്ചു. വരും ദിവസങ്ങളിൽ കാലാവസ്ഥ അൽപ്പം ചൂടുള്ളതായിരിക്കും. രാത്രിയിൽ 17 മുതൽ 21 ഡിഗ്രി സെൽഷ്യസ് വരെയും പകൽ സമയത്ത് 36 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും താപനില. അടുത്ത മാസം പകുതി വരെ വേനൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശീതകാലം ഡിസംബർ മുതൽ ആരംഭിച്ചേക്കും.
ഈ കാലയളവിൽ, രാത്രികൾ നീണ്ടുനിൽക്കും, പകലുകൾ ചെറുതായിരിക്കും. പകൽ ഏകദേശം 11 മണിക്കൂറായി ചുരുങ്ങാം. ഡിസംബർ 21 വരെ ഇത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ശൈത്യകാലത്തിന്‍റെ ആരംഭത്തെ സൂചിപ്പിക്കുന്നെന്നും ആദിൽ അൽ മർസൂഖ് പറഞ്ഞു.