ഇറാനിൽ ഹിജാബ് നിയമം ലംഘനത്തിന്റെ പേരിൽ മർദനമേറ്റ യുവതി മരണമടഞ്ഞു

ടെഹ്റാൻ: നിർബന്ധിത ഹിജാബ് നിയമം ലംഘിച്ചുവെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ഒരു സ്ത്രീയുടെ മരണത്തിൽ ഇറാനിൽ പ്രതിഷേധം. മഹ്സ അമിനി(22) എന്ന സ്ത്രീയാണ് സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചത്. വെള്ളിയാഴ്ചയാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. തടങ്കൽപ്പാളയത്തിലേക്ക് മാറ്റുന്നതിനിടെ പൊലീസ് വാനിൽ വച്ച് മഹ്സയെ ക്രൂരമായി മർദ്ദിച്ചതായി ബന്ധുക്കൾ ആരോപിച്ചു.

ആക്രമണത്തിന് ശേഷം അബോധാവസ്ഥയിലായിരുന്ന യുവതി മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്ന് ആശുപത്രിയിൽ വെച്ചാണ് മരിച്ചതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിലെ സദാചാര പോലീസായ ഗാഷ്ടെ ഇർഷാദ് (ഗൈഡൻസ് പട്രോൾ) ആണ് മഹ്സയെ കസ്റ്റഡിയിലെടുത്തത്. മതപരമായ വസ്ത്രധാരണം ഉറപ്പാക്കുക എന്നതാണ് ഗൈഡൻസ് പട്രോളിംഗിന്‍റെ ചുമതല.

മഹ്സ അമിനി സഹോദരനോടൊപ്പം അവധിക്കാലം ചെലവഴിക്കാൻ ടെഹ്റാനിൽ എത്തിയിരുന്നു. സെപ്റ്റംബർ 13 ന് ഷാഹിദ് ഹഗാനി എക്സ്പ്രസ് ഹൈവേയിൽ എത്തിയപ്പോൾ, ശരിയായ ശിരോവസ്ത്രം ധരിച്ചില്ലെന്ന് പറഞ്ഞ് പോലീസ് അവരെ തടഞ്ഞു. വോസർ അവാനുവിലെ പൊലീസ് സ്റ്റേഷനിലേക്ക് പൊലീസ് വാനിൽ യുവതിയെ ബലം പ്രയോഗിച്ച് കൊണ്ടുപോയതായി യുവതിയുടെ സഹോദരൻ കൈരാഷ് ആരോപിച്ചു. തടയാൻ ശ്രമിച്ചപ്പോൾ മർദ്ദനമേറ്റു. പോലീസ് സ്റ്റേഷനിൽ ഒരു മണിക്കൂർ നീണ്ട ബോധവൽക്കരണ പരിപാടിക്ക് ശേഷം മഹ്സയെ മോചിപ്പിക്കുമെന്ന് പൊലീസ് തന്നോട് പറഞ്ഞതായി കൈരാഷ് പറഞ്ഞു.

ക്ഷിരോവസ്ത്രമില്ലാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടതിന് 12 ഓളം യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പലരും ഉറക്കെ നിലവിളിക്കുന്നത് കേൾക്കാമായിരുന്നു. പോലീസ് വാനിൽ വച്ച് മഹ്സയെ പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്നും കൈരഷ് ആരോപിച്ചു. പൂർണ ആരോഗ്യവതിയായിരുന്ന യുവതി അറസ്റ്റിൻ ശേഷം അബോധാവസ്ഥയിലായെന്നും അധികം താമസിയാതെ ആശുപത്രിയിൽ വച്ച് മരിച്ചുവെന്നും വാനിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.