പ്രസവശസ്ത്രക്രിയക്കിടെ വൈദ്യുതി മുടങ്ങി ആരോഗ്യസ്ഥിതി മോശമായ യുവതി മരിച്ചു
കോയമ്പത്തൂര്‍: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വൈദ്യുതി തകരാറിനെ തുടർന്ന് ആരോഗ്യനില വഷളായ യുവതിയെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അന്നൂർ ഊട്ടുപാളയം സ്വദേശി വിഘ്നേശ്വരന്‍റെ ഭാര്യ വാന്മതിയാണ് (23) ആണ് മരിച്ചത്.
സെപ്റ്റംബർ 9 നാണ് യുവതിയെ പ്രസവത്തിനായി അന്നൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 21 ന് പ്രസവ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്കിടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ജനറേറ്റർ പ്രവർത്തിപ്പിക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു. ഇതിനിടയിൽ യുവതിക്ക് അപസ്മാരം ബാധിച്ചു. ഡോക്ടർമാരുടെ നിർദേശ പ്രകാരമാണ് കോവിൽപാളയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെവെച്ച് ആ സ്ത്രീ ഒരു ആൺകുഞ്ഞിന് ജൻമം നൽകി. മൂന്ന് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന യുവതി ശനിയാഴ്ച രാവിലെ 6.30 ഓടെയാണ് മരിച്ചത്.
വൈദ്യുതി തകരാറും ജനറേറ്റർ പ്രവർത്തിക്കാത്തതും അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രാജ പറഞ്ഞു. മതിയായ ചികിത്സ ഉറപ്പാക്കാതെ യുവതി മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും അന്നൂർ സർക്കാർ ആശുപത്രി ഉപരോധിച്ചു. ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് നടത്തിയ സമരം തുടരുകയാണ്.