വനിത ഡോക്ടറെ ആക്രമിച്ച സംഭവം; പ്രതി ഹാജരായി, ജാമ്യത്തിൽ വിടും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയ കേസിലെ പ്രതിയായ കൊല്ലം സ്വദേശി സെന്തിൽകുമാർ പൊലീസിന് മുന്നിൽ ഹാജരായി. പ്രതിയോട് ഇന്ന് വൈകിട്ട് അഞ്ചിനകം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ മുമ്പാകെ ഹാജരാകാൻ തിരുവനന്തപുരം ജില്ലാ കോടതി നിർദ്ദേശിച്ചിരുന്നു. സെന്തിൽകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിടണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അതിനാൽ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയക്കും.

അതേസമയം, വയറ്റിൽ ചവിട്ടേറ്റ വനിതാ പിജി ഡോക്ടർ അവധിയിലാണ്. കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും തൽക്കാലം വിട്ടുനിൽക്കുകയാണെന്നും ഡോക്ടർ സഹപ്രവർത്തകരെയും ഡോക്ടർമാരുടെ അസോസിയേഷനെയും അറിയിച്ചിരുന്നു. അവധിയിലുള്ള ഡോക്ടർ ഇന്ന് യു.എ.ഇയിലേക്ക് തിരിക്കും.
 
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലെ ന്യൂറോ സർജറി വിഭാഗത്തിലെ വനിത പിജി ഡോക്ടറെയാണ് സെന്തിൽ കുമാർ ഇക്കഴിഞ്ഞ ബുധനാഴ്ച ചവിട്ടിയത്. ഭാര്യയുടെ മരണവിവരം അറിയിച്ചപ്പോഴാണ് ഡോക്ടറെ ഇയാൾ മർദ്ദിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ഡോക്ടർമാരുടെ പ്രതിഷേധം. ഡോക്ടർമാരുടെ വിവിധ സംഘടനകൾ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി. ഇതിനിടെയാണ് പ്രതി കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചത്.

പ്രതിയുടെ ദൃശ്യങ്ങളും വിലാസം ഉൾപ്പെടെയുള്ള വിശദാംശങ്ങളും പോലീസിന് നൽകിയെങ്കിലും അറസ്റ്റ് ചെയ്യാൻ ഒരു നീക്കവും ഉണ്ടായില്ല. പൊലീസിന്‍റെ മെല്ലെപ്പോക്കാണ് ജാമ്യമില്ലാ കേസിൽ പോലും പ്രതിക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ ഇടയാക്കിയതെന്നാണ് ഡോക്ടർമാരുടെ പരാതി. മാത്രമല്ല, സെന്തിൽകുമാറിനെതിരെ വളരെ ചെറിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അതിനാൽ, കേസ് ദുർബലമാകാൻ സാധ്യതയുണ്ടെന്ന് പരാതിയുണ്ട്.