സ്ത്രീകള്‍ക്ക് എല്ലാ നഗരങ്ങളിലും താമസകേന്ദ്രം ഒരുക്കും: വീണാ ജോർജ്

കൊച്ചി: കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്ത്രീകൾക്ക് സുരക്ഷിതമായ താമസ കേന്ദ്രങ്ങളൊരുക്കുമെന്ന് മന്ത്രി വീണാ ജോർജ്. കാക്കനാട് ഐ.എം.ജി ജംഗ്ഷന് സമീപം ‘എന്റെ കൂട്’ താമസ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്ത്രീകൾ ഓടിക്കുന്ന ടാക്സികളെ ”എന്റെ കൂട്’ പദ്ധതിയുമായി ബന്ധിപ്പിക്കുന്നത് സർക്കാർ പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വിവിധ ആവശ്യങ്ങൾക്കായി ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലും എതുന്നവർക്കും രാത്രി മടങ്ങി പോകാൻ സാധിക്കാത്തവർക്കും പദ്ധതി പ്രധാനമായും പ്രയോജനം ചെയ്യും. വനിതാ ശിശുവികസന കോർപ്പറേഷന്‍റെ ഹോസ്റ്റലുകളിലും ഇത്തരം താൽക്കാലിക താമസസൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. സ്ത്രീകൾ ഓടിക്കുന്ന ടാക്സികളെ പദ്ധതിയുമായി ബന്ധിപ്പിക്കുന്നതും സർക്കാർ പരിഗണിക്കുന്നുണ്ടെന്നും, ഇതിലൂടെ സ്ത്രീകൾക്ക് സുരക്ഷിതമായി ‘എന്‍റെ കൂട്’ താമസ കേന്ദ്രങ്ങളിലും വനിതാ വികസന കോർപ്പറേഷന്‍റെ ഹോസ്റ്റലുകളിലും എത്തിച്ചേരാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

ഹോസ്റ്റലുകളുടെ പ്രവർത്തനത്തിനായി മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഓരോ സ്ഥലത്തെയും ഹോസ്റ്റലുകളുടെ വിശദാംശങ്ങൾ ആപ്ലിക്കേഷനിൽ നിന്ന് ആക്സസ് ചെയ്യാൻ കഴിയും. ആപ്ലിക്കേഷനിലൂടെ നിങ്ങളുടെ താമസത്തിനായി നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാനും കഴിയും. എന്‍റെ കൂട് പ്രോജക്റ്റ് ആപ്പിൽ ഉൾപ്പെടുത്താനും പദ്ധതിയിടുന്നുണ്ട്. ആപ്ലിക്കേഷൻ നോക്കി കിടക്കകളുടെയും സൗകര്യങ്ങളുടെയും ലഭ്യത മനസിലാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

വനിതാ വികസന കോർപ്പറേഷൻ കീഴിൽ സംസ്ഥാനത്ത് 133 കിടക്കകളാണുള്ളത്. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ഹോസ്റ്റലുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ ഹോസ്റ്റലുകളും സ്ഥാപിക്കും. വനിതാ വികസന കോർപ്പറേഷന്‍റെ 100 കിടക്കകളുള്ള ഹോസ്റ്റൽ അടുത്ത മാസം കാക്കനാട്ട് പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.