വനിതാ ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ; തുടര്‍ച്ചയായ മൂന്നാം ജയം

ധാക്ക: വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം ജയം. യു.എ.ഇ വനിതകളെ 104 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു.

ജെമീമ റോഡ്രിഗസ് (45 പന്തിൽ പുറത്താകാതെ 75), ദീപ്തി ശർമ (49 പന്തിൽ 64) എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്കോറർമാർ. മറുപടി ബാറ്റിംഗിനിറങ്ങിയ യു.എ.ഇ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 74 റൺസെടുത്തു. രാജേശ്വരി ഗെയ്ക്വാദ് രണ്ട് വിക്കറ്റ് വീഴ്ത്തി. ദയാലൻ ഹേമലത ഒരു വിക്കറ്റ് വീഴ്ത്തി.

54 പന്തിൽ 30 റൺസെടുത്ത കവിഷ എഗോഡേജാണ് യു.എ.ഇയുടെ ടോപ് സ്കോറർ. ഖുഷി ശർമ്മ 29 റൺസെടുത്തു. തീർത്ഥ സതീഷ് (1), ഇഷ ഓസ (4), നടാഷ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഛായ മുഗൾ (6) കവിഷയ്ക്കൊപ്പം പുറത്താകാതെ നിന്നു. ഇന്ത്യക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. 19 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. അതും 4.2 ഓവറിൽ. റിച്ച ഘോഷ് (0), സബിനേനി മേഘ്ന (10), ദയാലൻ ഹേമലത (2) എന്നിവരാണ് മടങ്ങിയത്.