വനിതാ ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ 8 വിക്കറ്റിന് തകർത്തു
ധാക്ക: ഫൈനലിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യയ്‌ക്ക് കിരീടം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 65 റൺസ് എടുത്തു. രേണുക സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 8.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ഷഫാലി വർമ്മ (5), ജെമീമ റോഡ്രിഗസ് (2) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്ടമായത്. സ്മൃതി മന്ദാന (25 പന്തിൽ പുറത്താകാതെ 51) അർധസെഞ്ച്വറി നേടി. മൂന്ന് സിക്സും ആറ് ഫോറും അടങ്ങുന്നതായിരുന്നു മന്ദാനയുടെ ഇന്നിങ്സ്. ഹർമൻപ്രീത് കൗർ 11 റൺസുമായി പുറത്താകാതെ നിന്നു. ഇനോക രണവീര, കവിഷ ദിൽഹാരി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രേണുകയെ കൂടാതെ രാജേശ്വരി ഗെയ്ക്വാദ്, സ്നേഹ് റാണ എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒഷാഡി രണസിംഗെ (13), ഇനോക രണവീരെ (18) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.
ഇന്നിങ്സിൽ അഞ്ച് ബൗണ്ടറികൾ മാത്രമാണ് ലങ്കൻ നിരയ്ക്ക് നേടാനായത്. പവർപ്ലേ അവസാനിക്കുമ്പോൾ ശ്രീലങ്ക അഞ്ചിന് 16 എന്ന നിലയിലാണ്. ഓപ്പണർമാരായ ചമാരി അത്തപ്പത്തു (6), അനുഷ്‌ക സഞ്ജീവനി (2) എന്നിവര്‍ റണ്ണൗട്ടായി. ഹര്‍ഷിത മാധവി (1), ഹസിരി പെരേര (0), കവിഷ ദില്‍ഹരി (1) എന്നിവർ മടങ്ങി. തൊട്ടടുത്ത ഓവറിൽ നിലക്ഷ ഡി സിൽവ (6) പവലിയനിലേക്ക് മടങ്ങി.
രണസിംഗെ, മൽഷ ഷെഹാരി (0), സുഗന്ധിക കുമാരി (6) എന്നിവർ പവലിയനിൽ തിരിച്ചെത്തിയതോടെ ഏഴ് വിക്കറ്റിന് 43 റൺസെന്ന നിലയിലായി ശ്രീലങ്ക. രണവീരയുടെ തിരിച്ചടിയാണ് സ്കോർ 50 കടത്തിയത്. അവരുടെ ഇന്നിംഗ്സിൽ രണ്ട് സിക്സറുകൾ ഉണ്ടായിരുന്നു. അചിനി കുലസൂരിയ (6) രണവീരയ്ക്കൊപ്പം പുറത്താകാതെ നിന്നു.