വനിതാ ഏഷ്യാ കപ്പ്: ഇന്ത്യക്ക് എതിരാളികളായി ശ്രീലങ്ക ഫൈനലില്‍

ധാക്ക: വനിതാ ഏഷ്യാ കപ്പിൽ പാകിസ്ഥാനെ തകർത്ത് ശ്രീലങ്ക ഫൈനലിൽ പ്രവേശിച്ചു. രണ്ടാം സെമിയിൽ ശ്രീലങ്ക ഉയർത്തിയ 123 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അച്ചിനി കുലസൂര്യ എറിഞ്ഞ അവസാന ഓവറിൽ പാകിസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത് 9 റണ്‍സാണ്.

ആദ്യ അഞ്ച് പന്തിൽ ആറ് റൺസ് മാത്രമാണ് പാകിസ്ഥാന് നേടാനായത്. മത്സരം ജയിക്കാൻ അവസാന പന്തിൽ മൂന്ന് റൺസാണ് വേണ്ടിയിരുന്നത്. അവസാന പന്ത് ഒരു ഫുൾ ടോസ് ആയിരുന്നുവെങ്കിലും എക്സ്ട്രാ കവർ ഫീൽഡറുടെ കൈകളിലേക്കാണ് പാകിസ്ഥാന്‍റെ നിദാ ദർ അടിച്ചത്. കവിഷ ദിൽഹാരി ആ ക്യാച്ച് നഷ്ടപ്പെടുത്തി. ഇതിനിടയിൽ നിദാ ദർ രണ്ടാം റൺസിനായി ഓടിയെങ്കിലും റണ്ണൗട്ടായി. ഇതോടെയാണ് ഒരു റൺസിന് ശ്രീലങ്ക മത്സരം ജയിച്ചത്. ശ്രീലങ്ക 20 ഓവറിൽ 122/6, പാകിസ്ഥാൻ 20 ഓവറിൽ 121/6.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഫൈനൽ 15-ആം തീയതി(ശനിയാഴ്ച്ച) ഉച്ചയ്ക്ക് 1 മണിക്ക് ബംഗ്ലാദേശ് സിൽഹെട്ട് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആരംഭിക്കും.