വനിതാ ഐപിഎല്‍; സംപ്രേക്ഷണാവകാശത്തിൽ 1,250 കോടിയോളം നോട്ടമിട്ട് ബിസിസിഐ

ആദ്യ വനിതാ ഐപിഎൽ 2023 മാർച്ചിൽ ആരംഭിക്കും. അഞ്ച് ടീമുകളുള്ള വനിതാ ഐപിഎൽ മാർച്ച് മൂന്ന് മുതൽ 26 വരെ നടക്കും. മത്സരങ്ങളുടെ സംപ്രേഷണാവകാശത്തിനായുള്ള ബിഡ്ഡുകൾ സ്വീകരിക്കാനൊരുങ്ങുകയാണ് ബിസിസിഐ. 2023-27 വർഷത്തെ സംപ്രേഷണാവകാശത്തിനുള്ള ലേലം ജനുവരിയിൽ നടക്കും.

പ്രക്ഷേപണാവകാശം വിൽക്കുന്നതിലൂടെ, പ്രതിവർഷം 220-250 കോടി രൂപ നിരക്കിൽ അഞ്ച് വർഷത്തേക്ക് ഏകദേശം 1,250 കോടി രൂപയാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. വനിതാ ഐ.പി.എല്ലിന്‍റെ ആദ്യ സീസണിൽ 22 മത്സരങ്ങൾ നടക്കും. അതായത് ഓരോ മത്സരത്തിനും ഏകദേശം 11 ലക്ഷം രൂപ ബിസിസിഐക്ക് ലഭിക്കും.

എന്നാൽ പുരുഷ ഐപിഎല്ലിൽ പ്രക്ഷേപണ അവകാശത്തിനായി വിറ്റ തുകയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ നിരക്ക് പത്തിൽ ഒന്ന് മാത്രമാണ്. 2023-27 സീസണിലെ പുരുഷ ഐ.പി.എല്ലിന്‍റെ അവകാശം വിറ്റതിലൂടെ 47,332.52 കോടി രൂപയാണ് ബി.സി.സി.ഐ നേടിയത്. ഈ വർഷം ജൂണില്‍ നടന്ന ലേലത്തില്‍ ടിവി സംപ്രേണാവകാശം ഡിസ്‌നി സ്റ്റാറും ഡിജിറ്റല്‍ അവകാശം റിലയന്‍സിന്റെ നേതൃത്വത്തിലൂള്ള വിയാകോം സ്‌പോര്‍ട്‌സ് 18നും നേടി.