‘വനിതാ സംവരണം; ഉത്തരേന്ത്യയുടെ മാനസികാവസ്ഥ അനുകൂലമല്ല’: പവാർ
പുണെ: ഉത്തരേന്ത്യയിലെയും പാർലമെന്‍റിലെയും മാനസികാവസ്ഥ രാജ്യത്ത് സ്ത്രീ സംവരണം നടപ്പാക്കാൻ അനുയോജ്യമല്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. പൂനെ ഡോക്ടേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭാംഗമായ സുപ്രിയ സുലെയുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു പരാമർശം.
ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും 33 ശതമാനം സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്ന ബിൽ എന്തുകൊണ്ട് ഇതുവരെ പാസാക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പവാർ. കോണ്‍ഗ്രസിന്‍റെ ലോക്സഭാ അംഗമായിരുന്ന കാലം മുതൽ പാർലമെന്‍റിൽ ഈ വിഷയം ഉന്നയിക്കുന്നുണ്ടെന്നും പവാർ കൂട്ടിച്ചേർത്തു.
പാർലമെന്‍റിന്‍റെ, പ്രത്യേകിച്ച് ഉത്തരേന്ത്യയുടെ, മാനസികാവസ്ഥ വനിതാ സംവരണബില്ലിന് അനുകൂലമായിരുന്നില്ല. ഞാൻ കോൺഗ്രസ് എം.പി ആയിരുന്നപ്പോൾ മുതൽ ഈ വിഷയത്തിൽ സംസാരിച്ചിട്ടുണ്ട്. ഒരിക്കൽ ഞാൻ ഈ വിഷയത്തിൽ എന്‍റെ പ്രസംഗം പൂർത്തിയാക്കി തിരിഞ്ഞുനോക്കിയപ്പോൾ, എന്റെ പാർട്ടിയിലെ ഭൂരിപക്ഷം എംപിമാരും എഴുന്നേറ്റു പോയതാണു കണ്ടത്. എന്റെ പാർട്ടിയിലെ ആളുകൾക്ക് പോലും ദഹിക്കുന്നില്ല എന്നാണ് ഇതിനർഥം.