സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു: വനിതാ കമ്മീഷന്‍ അധ്യക്ഷ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സുരക്ഷ വലിയ തോതിൽ ചോദ്യം ചെയ്യപ്പെടുകയാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സ്ത്രീകൾക്ക് അവർ ജോലി ചെയ്യുന്ന മേഖലയിൽ സുരക്ഷിതമായി ജോലി ചെയ്യാനും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാനും പൊലീസിന്‍റെ ഭാഗത്ത് നിന്ന് ജാഗ്രത പുലർത്തണമെന്ന് അവർ ആവശ്യപ്പെട്ടു. തിരക്കേറിയ നഗരങ്ങളിൽ സ്ത്രീകൾക്ക് രാത്രിയിൽ യാത്ര ചെയ്യാൻ കഴിയാത്തത് കേരളം പോലൊരു സംസ്ഥാനത്തിന് ഒട്ടും നല്ലതല്ല. കൊച്ചിയിൽ 19കാരിയായ മോഡലിനെ കാറിൽ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അവർ.

“അവർ പരിചയമുള്ള ആളുകളായിരുന്നത് കൊണ്ടായിരിക്കണം ആ പെൺകുട്ടി കാറിൽ കയറിയത്. തിരക്കേറിയ നഗരങ്ങളിൽ സ്ത്രീകൾക്ക് ഒറ്റയ്ക്ക് നടക്കാൻ കഴിയുന്നില്ല എന്ന വസ്തുത വളരെ ഗൗരവമായി എടുക്കണം. പൊലീസ് വളരെ വേഗത്തിൽ ഇടപെട്ടതിൽ സന്തോഷമുണ്ട്. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് വാഹനം കസ്റ്റഡിയിലെടുത്തു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നഗരങ്ങളിലും സിസിടിവി ക്യാമറകൾ വേണം. പൊലീസ് സുരക്ഷ ഉറപ്പാക്കണം”, സതീദേവി പറഞ്ഞു.

രാത്രിയിൽ സ്ത്രീയെ ഒറ്റയ്ക്ക് കണ്ടുകഴിഞ്ഞാൽ വെറും ശരീരമായി മാത്രം കാണുന്നു എന്ന കാഴ്ചപ്പാടാണ് കേരളത്തിൽ പരക്കെയുള്ളതെന്ന് അവർ പറഞ്ഞു. കലാരംഗത്തെ സ്ത്രീകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്നില്ലെന്നത് സമൂഹത്തിലെ തെറ്റായ വീക്ഷണഗതിയാണ്. മറ്റ് സംസ്ഥാനങ്ങൾക്ക് മുന്നിൽ പോലും കേരളം ലജ്ജിക്കേണ്ട സാഹചര്യം ഉണ്ടാവുന്നു. സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയണമെങ്കിൽ സ്ത്രീകളോടുള്ള സമൂഹത്തിന്‍റെ മനോഭാവം മാറേണ്ടതുണ്ട്. പൊലീസിന്‍റെ ഭാഗത്തുനിന്നും ജാഗ്രത ഉണ്ടാകണം. പലയിടത്തും സി.സി.ടി.വി ക്യാമറകൾ പ്രവര്‍ത്തനയോഗ്യമല്ലെന്നാണ് സംഭവങ്ങള്‍ നടന്നുകഴിയുമ്പോള്‍ മനസ്സിലാകുന്നതെന്നും അവർ പറഞ്ഞു.