അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ല;മത്സരം ശക്തമാക്കുമെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയിട്ടില്ലെന്നും മത്സരം ശക്തിപ്പെടുത്താനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് തരൂർ ഇക്കാര്യം അറിയിച്ചത്.

“ഡൽഹി കേന്ദ്രീകരിച്ചുള്ള ചില മാധ്യമങ്ങളിൽ ഞാൻ ഇന്ന് നാമനിർദ്ദേശ പത്രിക പിൻവലിക്കുമെന്ന വാർത്തകൾ കണ്ടിരുന്നു. വെല്ലുവിളികളിൽ പിന്നോട്ട് പോകില്ല, ഇതുവരെ അതുണ്ടായിട്ടില്ല. ഇനിയുണ്ടാവുകയുമില്ല”, തരൂർ പറഞ്ഞു.

ഇതൊരു പോരാട്ടമാണ്. പാർട്ടിക്കുള്ളിൽ തന്നെയുള്ള സൗഹൃദപരമായ പോരാട്ടം. അവസാനം വരെയുള്ള പോരാട്ടം. ഈ കർത്തവ്യം തീരുന്നത് വരെ താൻ ഇവിടെ തന്നെ കാണുമെന്നും ശശി തരൂർ വ്യക്തമാക്കി.