ആഴ്ചയില്‍ 80 മണിക്കൂര്‍ ജോലി, വര്‍ക്ക് ഫ്രം ഹോമും ഇല്ല; മുന്നറിയിപ്പുമായി ഇലോണ്‍ മസ്‌ക്

കൂടുതൽ പണം സമ്പാദിക്കാൻ തുടങ്ങിയില്ലെങ്കിൽ ട്വിറ്റർ പാപ്പരാകുമെന്ന് മുന്നറിയിപ്പ് നൽകി ഇലോണ്‍ മസ്ക്. കമ്പനി ഏറ്റെടുത്തതിന് ശേഷം ആദ്യമായി ജീവനക്കാരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സാമ്പത്തിക പ്രതിസന്ധി നേരിടാൻ ജീവനക്കാർക്ക് ആഴ്ചയിൽ 80 മണിക്കൂർ ജോലി ചെയ്യേണ്ടി വരുമെന്നും സൗജന്യ ഭക്ഷണവും വർക്ക് ഫ്രം ഹോമും ഉണ്ടാകില്ലെന്നും മസ്ക് പ്രഖ്യാപിച്ചു. വരാൻ താൽപ്പര്യമില്ലെങ്കിൽ, ജീവനക്കാരുടെ രാജി സ്വീകരിക്കാൻ തയാറാണെന്നും മസ്ക് പറഞ്ഞു.

കമ്പനി ഏറ്റെടുത്ത് രണ്ടാഴ്ചയ്ക്കുള്ളിൽ, ട്വിറ്ററിന്‍റെ പകുതിയോളം ജീവനക്കാരെയും ചീഫ് എക്സിക്യൂട്ടീവുകളെയും മസ്ക് പിരിച്ചുവിട്ടിരുന്നു. അതേസമയം, മസ്കിന്‍റെ പുതിയ നേതൃത്വ സംഘത്തിലെ അംഗമായ യോയല്‍ റോത്ത് കമ്പനി വിട്ടതായി വൃത്തങ്ങൾ അറിയിച്ചു. മറ്റൊരു ജീവനക്കാരിയായ റോബിൻ വീലറും രാജിവച്ചു. റോബിൻ വീലറെ നിലനിർത്താൻ മസ്ക് ശ്രമിച്ചതായാണ് റിപ്പോർട്ടുകൾ.